KOYILANDY DIARY

The Perfect News Portal

സിവിൽ എക്‌സൈസ് ഓഫീസർമാരായി 100 ആദിവാസികളെ റിക്രൂട്ട്‌മെന്റ്‌ ചെയ്യും

തൃശൂർ: സിവിൽ എക്‌സൈസ് ഓഫീസർമാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യുമെന്ന്‌ എക്‌സൈസ് മന്ത്രി എം. വി ഗോവിന്ദൻ പറഞ്ഞു. ആദിവാസി മേഖലയിലും ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ്‌ പ്രത്യേക റിക്രൂട്ട്‌മെന്റ്‌. തൃശൂരിൽ 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും ഏഴു പുരുഷ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിങ്‌ ഔട്ട് പരേഡിൽ  സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

എക്‌സൈസ്‌ വകുപ്പിൽ  ജീവിതം പണയപ്പെടുത്തി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുണ്ട്‌. എന്നാൽ ചില പൂഴുക്കുത്തുകൾ ശേഷിക്കുന്നുണ്ട്‌. അവർക്ക്‌ ശീലങ്ങൾ മാറ്റാൻ കഴിയുന്നില്ല. പാലക്കാട്‌ കള്ളുഷാപ്പ്‌ ലൈസൻസ്‌ അനുവദിക്കുന്നതിൽ പച്ചയായ അഴിമതി നടത്തിയതിന്റെ  വിവരങ്ങൾ സർക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ അഴിമതിക്ക്‌ എക്‌സൈസ്‌ വകുപ്പോ സർക്കാരോ കൂട്ടുനിൽക്കില്ല. ഇത്തരം മാമൂൽ പ്രക്രിയകളെ സർക്കാർ തുറന്നെതിർക്കും.  തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാവും. സംശുദ്ധമായ അഴിമതി രഹിതമായ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സേനാംഗങ്ങൾ കഴിയണം. എക്‌സൈസിൽ സ്‌ത്രീ –- പുരുഷ തുല്യത  വാക്കിലും പ്രവൃത്തിയിലും നടപ്പാക്കാനാണ്‌ സർക്കാർ ലക്ഷ്യം.

നിയമവിരുദ്ധ ലഹരിവസ്‌തുക്കളുടെ ഉപയോഗം കേരളം നേരിടുന്ന മുഖ്യവിപത്തായി മാറുകയാണ്‌. എക്‌സൈസ്‌ സംഘം തടയിടുമ്പോഴും ശക്തിയാർജിക്കുകയാണ്‌. ക്രിസ്‌റ്റൽ രൂപത്തിലുള്ള ലഹരിമരുന്നുകൾ വ്യാപകമാണ്‌.  ഇത്‌ യുവാക്കളിലും  സമൂഹത്തിലും ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കുന്നു. പുറം കടലിൽ 1500 കോടിയുടെ മയക്കുമരുന്നാണ്‌ കഴിഞ്ഞദിവസം പിടികൂടിയത്‌. എത്ര ബോട്ടുകൾ പിടിക്കാതെ  മയക്കുമരുന്ന്‌ കടത്തിയിട്ടുണ്ടാവുമെന്ന്‌ വ്യക്തതയില്ല. ജനങ്ങളെയാകെ മയക്കുമരുന്ന്‌ വലയിൽനിന്ന്‌ രക്ഷിക്കാൻ വ്യാപക ബോധവൽക്കരണം ആവശ്യമാണ്‌. കോളേജ്‌, സ്‌കൂൾ തലങ്ങളിലും ഗ്രാമ പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ തലങ്ങളിൽ  ബോധവൽക്കരണം വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements


Leave a Reply

Your email address will not be published. Required fields are marked *