KOYILANDY DIARY.COM

The Perfect News Portal

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന്‌ പിന്മാറണം: കോടിയേരി

തലശേരി: സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനവും സർവെയും തുടരാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന്‌ പിന്മാറണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വികസനവിരുദ്ധ സമരത്തിന്റെ മറവിൽ നാട്ടിൽ അരാജകത്വവും കലാപവും സൃഷ്‌ടിക്കാനാണ്‌ പ്രതിപക്ഷ ശ്രമം.  സിപിഐ എം പാർടി കോൺഗ്രസ്‌ പതാക ദിനത്തിൽ കോടിയേരി മുളിയിൽനട ബ്രാഞ്ചിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

സിൽവർ ലൈൻ പദ്ധതിയിൽ പണം നൽകിയേ ഭൂമി ഏറ്റെടുക്കൂവെന്ന്‌ കോടിയേരി പറഞ്ഞു. ബലംപ്രയോഗിച്ച്‌ ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കുടിയൊഴിപ്പിക്കലല്ല, പുനരധിവാസമാണ്‌ നടപ്പാക്കുന്നത്‌. ഭൂമി നഷ്‌ടപ്പെടുന്നവർക്ക്‌ അ്ഞ്ച്‌ സെന്റ്‌ സ്ഥലവും വീടുവെക്കാനുള്ള പണവും നൽകും. ഈ പദ്ധതിയുടെ ഭാഗമായി ആരെയും കണ്ണീര്‌ കുടിപ്പിക്കില്ല. സ്ഥലം നഷ്‌ടപ്പെടുന്നവർക്ക്‌ തൊഴിലവസരങ്ങളിലും മുൻഗണന നൽകും. പാക്കേജ്‌ പ്രഖ്യാപിച്ചാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌.

പ്രകോപനം സൃഷ്‌ടിച്ച്‌ കലാപമുണ്ടാക്കാനാണ്‌ പ്രതിപക്ഷ കിണഞ്ഞു ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിൽ കയറി കല്ലിട്ടു. കലക്‌ടറേറ്റിലും കയറി സർവെ കുറ്റി സ്ഥാപിച്ചു. അത്യന്തം പ്രകോപനപരമാണിതെല്ലാം. സാധാരണ ഗതിയിൽ പൊലീസ്‌ നോക്കിനിൽകുന്നതല്ല ഇതൊന്നും. സംയമനംപാലിക്കാനാണ്‌ പൊലീസിന്‌ സർക്കാർ നൽകിയ നിർദേശം. ഞങ്ങൾ നന്ദിഗ്രാമുണ്ടാക്കും, പൊലീസിനെ കൊണ്ട്‌ വെടിവെപ്പുണ്ടാക്കുമെന്ന്‌ പറഞ്ഞാണ്‌ പ്രതിപക്ഷ സമരം.

Advertisements

കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും എസ്‌യുസിഐയും ചേർന്നുള്ള മഹാസംഖ്യ എൽഡിഎഫിനെതിരായ പോർമുഖം തുറക്കുകയാണ്‌. കെ റെയിലിന്റെ പേരിൽ അവിശുദ്ധ രാഷ്‌ട്രീയ കൂട്ടുകെട്ടുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. രാഷ്‌ട്രീയസമരത്തെ  ജനങ്ങൾ പരാജയപ്പെടുത്തണം. എൽഡിഎഫ്‌ ഭരിക്കുമ്പോൾ വികസന പദ്ധതികൾ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നിലപാട്‌. വികസിത സംസ്ഥാനമായി കേരളം മാറണം. നവകേരളം സൃഷ്‌ടിക്കാനുള്ള സർക്കാറിന്റെ ശ്രമത്തെ പിന്തുണക്കണം-കോടിയേരി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *