KOYILANDY DIARY

The Perfect News Portal

തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി

കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി. ഇരിങ്ങൽ വില്ലേജിലെ ഇരിങ്ങൽ, അയനിക്കാട്, തിക്കോടി വില്ലേജിലെ പാലൂർ, തൃക്കോട്ടൂർ, പയ്യോളി വില്ലേജിലെ കണ്ണംകുളം, മേലടി എന്നിവിടങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ വിവരങ്ങളാണ് പരസ്യത്തിലുള്ളത്. ആകെ 236 കുടുംബങ്ങളിൽ നിന്ന് 10.9 ഹെക്ടർ ഭൂമിയാണ് തീരദേശ ഹൈവേക്കായി ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുടെ ആക്ഷേപങ്ങളും പരാതികളും പരസ്യം വന്ന നാൾ മുതൽ 15 ദിവസത്തിനുള്ളിൽ കോഴിക്കോട് കിഫ്ബി സ്പെഷ്യൽ തഹസിൽദാർക്ക് നൽകണം.

ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കാനും, റോഡ് നിർമാണത്തിനുംകൂടി 84 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈവേയുടെ ഭാഗമായി കുറ്റ്യാടി പുഴയിൽ കോട്ടക്കടവ് അഴിമുഖത്തിന് സമീപമായി നിർമിക്കുന്ന കുഞ്ഞാലി മരക്കാർ പാലത്തിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. പാലം സമീപനറോഡ് നിർമാണത്തിന് കൊയിലാണ്ടി താലൂക്കിൽവരുന്ന ഇരിങ്ങൽ വില്ലേജിൽ 0.65 ഹെക്ടറും,വടകര താലൂക്കിൽ 0.34 ഹെക്ടറും ഉൾപ്പെടെ ആകെ 0.99 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 547 മീറ്റർ നീളമുള്ള പാലമാണ് വരുന്നത്. ഇരിങ്ങൽ വില്ലേജിലെ കോട്ടക്കടവിൽനിന്ന് തുടങ്ങുന്ന പാലം ടൂറിസം കേന്ദ്രമായ വടകര സാൻഡ്‌ ബാങ്ക്‌സിന് സമീപമാണ് അവസാനിക്കുക. 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം നിർമാണത്തിന് കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി കിട്ടിയിട്ടുണ്ട്.

തീരദേശ ഹൈവേ തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് വരെ 656.6 കി.മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുക. 14 മീറ്റർ വീതിയുണ്ടാകും. രണ്ടുമീറ്റർ സൈക്കിൾട്രാക്കും നടപ്പാതയും ഉണ്ടാവും. കോടിക്കൽമുതൽ കൊയിലാണ്ടിവരെയുള്ള ‘അലൈൻമെന്റ്’ തയ്യാറായിട്ടില്ല. കൊയിലാണ്ടിമുതൽ കണ്ണങ്കടവ് വരെ നിലവിലുള്ള തീരപാത വഴിയിലൂടെ തന്നെയാണ് ഹൈവേ കടന്നുപോവുക. കണ്ണങ്കടവ് നിന്ന് കോരപ്പുഴ പാലംവഴി പോകും. ഇരിങ്ങൽമുതൽ കോരപ്പുഴ പാലം വരെ ഏഴു റീച്ചുകളായാണ് തീരപാത നിർമിക്കുക.

Advertisements

Leave a Reply

Your email address will not be published. Required fields are marked *