കൊയിലാണ്ടിയിൽ മഴ കനക്കുന്നു: പ്രളയസമാനമായ സാഹചര്യം. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കൊയിലാണ്ടി: മഴ ശക്തമായ തുടരുന്നു… കൊയിലാണ്ടിയിൽ പ്രളയ സമാനമായ സാഹചര്യം. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്, തുറയൂർ, തിക്കോടി വില്ലേജുകളിലാണ് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. വിയ്യൂർ വില്ലേജിൽ 12 കുടുംബങ്ങളിലെ 50 പേരെയാണ് മാറ്റി താമസിപ്പിച്ചത്. വിയ്യൂർ ചോർച്ച പാലത്തിനു സമീപം വെള്ളം കയറി, പല പ്രദേശങ്ങളും ഒറ്റപ്പെട്ടതായാണ് കാണുന്നത്, വിയ്യൂർ അരീക്കൽതാഴ ഭാഗത്ത് റോഡും തോടും തിരിച്ചറിയാൻ പറ്റാത്ത നിലയിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ വൻ അപകട സാധ്യതയാണുള്ളത്. ഇവിടങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിലച്ചമട്ടാണ്. കൊയിലാണ്ടി സ്റ്റേഡിയത്തിനടുത്തുള്ള നടേലക്കണ്ടി റോഡിലും സ്റ്റേഡിയത്തിന് പിറക് വശത്തും വെള്ളംപ്പൊക്കം കാരണം കാൽനട യാത്രപോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇരുചക്ര വാഹനങ്ങൾ പലതും വെള്ളത്തിൽ മുങ്ങി സ്റ്റാർട്ടാക്കാനാകാതെ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്.

പന്തലായനി കൂമൻതോട്, ഉൾപ്പെടെ പല ഭാഗത്തും വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. 15-ാം വാർഡിൽ ചെരിയാലതാഴ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. പൊന്നാരത്തിൽ താഴ, കട്ടുവയൽ, കരിങ്ക്വറ, പുതുക്കോട്ട്താഴ എന്നിവടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡും ഡ്രൈനേജും വയലുകളും പുഴയ്ക്ക് സമാനമായ രീതിയിലാണുള്ളത്. പലരും വീടൊഴിഞ്ഞ് പോകേണ്ടി വരുമെന്ന ആശങ്കയിലാണ്. നെല്ലിക്കോട്ട് കുന്നിൽ ഇന്ന് പുലർച്ചെ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇവിടെ വലിയ ഉരുളൻ കല്ലും മണ്ണും ഇടിഞ്ഞ് താഴെ എത്തിയതോടെ പ്രദേശവാസികളുടെ വഴി തടസ്സപ്പെട്ടിരിക്കുകയാണ്.



മൂടാടിയിൽ രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. നിരവധി പേർ..ബന്ധുവീടുകളിലേക്ക് മാറിയതായി റവന്യൂ വിഭാഗം അറിയിച്ചു. കൊരയങ്ങാട് തെരു കരിമ്പാപൊയിൽ മൈതാനം വെള്ളത്തിലായി, കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡും വെള്ളത്തിലായി. ഇവിടെ ട്രൈനേജ് പൂർണ്ണമായും മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. കുറുവങ്ങാട് അക്വഡറ്റിനു സമീപം.റോഡ് വെള്ളത്തിലായി. ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കീഴരിയൂർ കല്ലിട്ടൊടി പാടശേഖരം, ചെമ്പോളിതാഴ പ്രദേശത്തെ പാടശേഖരത്തിലെ നെൽകൃഷിയും വാഴ കൃഷിയും നശിച്ചു,


മുചുകുന്ന് 7-ാം വാർഡിൽ വലിയ രാരോത്ത് ദിനേശൻ്റെ വീട്ടിലെ കിണർ താഴന്ന് പൂർണ്ണമായും മണ്ണിനടിയിലായി. കുറുവങ്ങാട്, പെരുവട്ടൂർ എന്നീ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കൊല്ലം നെല്ല്യാടി റോഡിൽ പല ഭാഗത്തും റോഡിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി വാഹന ഗതാഗതം തടസ്സപ്പെടുന്നുണ്ട്. കൊയിലാണ്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റും തുറന്നിട്ടുണ്ട്.


