സംസ്ഥാനത്തെ മികച്ച അധ്യാപകൻ എൻ. സന്തോഷ് മാസ്റ്ററെ ആദരിച്ചു
കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എൻ. സന്തോഷ് മാസ്റ്ററെ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ സ്കൂൾ ആദരിച്ചു. ഡോ. ധർമ്മാനന്ദ സ്വാമി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പന്തല്ലൂർ കടമ്പോട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും, കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയുമായ തീർത്ഥത്തിൽ എൻ. സന്തോഷിനെയാണ് ആദരിച്ചത്. ഉർദു അധ്യാപകനായ സന്തോഷ് ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. നേരത്തെ എ.പി. ജെ . അബ്ദുൽ കലാം എമിനൻറ് അവാർഡും അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. പന്തല്ലൂർ സ്കൂളിനെ മികച്ച എൻ.എസ്.എസ് യൂനിറ്റ് ആക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

കാഴ്ച പരിമിതരായ പ്രൈമറി വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ‘നാമ്പ്’ എന്ന പേരിൽ ഗന്ധ സ്പർശാനുഭവ ഉദ്യാനം നിർമിച്ചതും, 2018 ലെയും 2019 ലെയും പ്രളയാനന്തര പ്രവർത്തനവും, ആറ് കുടുംബങ്ങൾക്ക് ഉപജീവന ഉപാധികൾ നൽകിയതും, രണ്ടര ഏക്കർ സ്ഥലത്ത് 150 തൈകൾ നട്ടുപിടിപ്പിച്ച് ഫലവൃക്ഷ തോട്ടം ഒരുക്കിയതും, നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയതുമെല്ലാം സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് സന്തോഷ് കുമാറിന് അവാർഡ് ലഭിച്ചത്.


പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തെസ് ലീന നാസർ, കെ.ടി. രാധാകൃഷ്ണൻ, ഡോ. പി.കെ. ഷാജി, എൻ. മുരളീധരൻ, അനിൽ പറമ്പത്ത്, മാധവൻ ബോധി, പി.കെ. അഹമ്മദ് ഹാജി, ഇ.കെ ഗോവിന്ദൻ മാസ്റ്റർ, ചാലിൽ സോമൻ, പ്രസന്നൻ, ഇ.കെ. ശ്രീനിവാസൻ, പറമ്പത്ത് ദാസൻ, അഡ്വ. എൻ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ പ്രമോദ് വി.പി പ്രിൻസിപ്പൽ പി. ബിന്ദു എന്നിവർ സംസാരിച്ചു. സന്തോഷ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.


