KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ 106-ാം ജന്മദിനം ”ജന്മ സ്മൃതി”

കൊയിലാണ്ടി: ജന്മ സ്മൃതി – ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റിയാറാം ജന്മദിനം ” ജന്മ സ്മൃതി ” എന്ന പേരിൽ മൂന്ന് ദിവസത്തെ ശ്രദ്ധാഞ്ജലിയായി കഥകളി വിദ്യാലയം ചേലിയ സംഘടിപ്പിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആയിരിക്കും പരി പാടികൾ നടത്തുക. ജന്മദിനമായ ജൂലായ് 6 ന് രാവിലെ 10 മണിക്ക് ഗുരുവിൻ്റ ഛായാപടത്തിൽ  രാഷ്ട്രീയ – കലാ സാംസ്കാരിക പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നതോടെ പരിപാടി ആരംഭിക്കും. MLA കാനത്തിൽ ജമീല, കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി. സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീബ മലയിൽ, സതി കിഴക്കയിൽ, എം ആർ രാഘവ വാരിയർ, ശിവദാസ് ചേമഞ്ചേരി, യു കെ രാഘവൻ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സന്നിഹിതരാവും. 

അന്ന് വൈകുന്നേരം 6 മണിക്ക് കാനത്തിൽ ജമീല എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം (ഓൺ ലൈൻ) സംസ്ഥാന വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം പി മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ എന്നിവർ ശ്രദ്ധാഞ്ജലിയർപ്പിച്ച് സംസാരിക്കും. രണ്ടാം ദിവസം വൈകീട്ട് 6 മണിക്കു നടക്കുന്ന ഓൺ ലൈൻ  പരിപാടിയിൽ പത്മവിഭൂഷൺ പത്മാ സുബ്രഹ്മണ്യം, കോട്ടയ്ക്കൽ നാരായണൻ എന്നിവരുടെ പ്രഭാഷണവും കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കഥകളിയെ പരിചയപ്പെടുത്തിക്കൊണ്ട്  ഡമോൺസ്ട്രേഷൻ ക്ലാസ്സും നടത്തും.

ജന്മസ്മൃതി പരിപാടിയുടെ സമാപന ദിനമായ ജൂലായ് 8 ന്  വൈകീട്ട് 6 മണിക്ക് ഓൺ ലൈനിൽ നടക്കുന്ന സമാപന സമ്മേളനം മിസോറാം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കുന്ന സമാപന പരിപാടിയിൽ ചലച്ചിത്ര നടൻ വിനീത്, ഡോ എം ആർ രാഘവവാരിയർ എന്നിവർ സംസാരിക്കും . തുടർന്ന്  ജന്മ സ്മൃതിയുടെ ഭാഗമായി നടന്ന സംസ്ഥാന തല കഥകളി സംഗീത മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഓൺ ലൈൻ ലിങ്കിന് – 9946630409 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *