കോവിഡ് 19 : കിടത്തി ചികിത്സ ആര്‍ക്കൊക്കെ
തിരുവനന്തപുരം: കോവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും ആശുപത്രികളിലോ സി.എഫ്.എല്‍.ടി.സി.കളിലോ കിടത്തി ചികിത്സ വേണോ? വീട്ടില്‍ കഴിയേണ്ടവര്‍ ആരൊക്കെ?. ഇതില്‍ വ്യക്തത നല്‍കി ആരോഗ്യവകുപ്പ് ‘കോവിഡ്19 പരിചരണ പിരമിഡ്’ പുറത്തിറക്കി. രോഗികളെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. ലക്ഷണമില്ലാത്ത രോഗികള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. വീട്ടില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരും പരിചരിക്കാന്‍ ആളില്ലാത്തവരുമായ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ ഡൊമിസിലിയറി കെയര്‍ സെന്ററില്‍ പരിചരിക്കും.

കാറ്റഗറി എ സിഎഫ്‌എല്‍ടിസിയില്‍
തീവ്രമല്ലാത്ത തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, വയറിളക്കം ഇവയിലേതെങ്കിലുമുള്ള കോവിഡ് ബാധിതരാണ് കാറ്റഗറി എയില്‍. –-ഇവര്‍ക്ക് കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പരിചരണം ലഭിക്കും.

കാറ്റഗറി ബി സിഎസ്‌എല്‍ടിസിയില്‍
പനിയോ തീവ്രമായ തൊണ്ടവേദനയോ ചുമയോ വയറിളക്കമോ ഉള്ളവര്‍ ഇതില്‍പ്പെടുന്നു. ലക്ഷണങ്ങള്‍ തീവ്രമല്ലെങ്കിലും ശ്വാസകോശ, ഹൃദയ, കരള്‍,വൃക്ക,നാഡീരോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തസംബന്ധമായ രോഗങ്ങള്‍, അനിയന്ത്രിതമായ പ്രമേഹം, അര്‍ബുദം, എച്ച്‌ഐവി എയ്ഡ്സ്, വളരെക്കാലമായി സ്റ്റിറോയ്ഡ് , ഇമ്യൂണോ സപ്രസീവ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ഗര്‍ഭിണി, 60 നു മുകളില്‍ പ്രായമുള്ളവര്‍ എന്നിവരും കാറ്റഗറി ബിയിലാണ്. ഇവര്‍ക്ക് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററി(സിഎസ്‌എല്‍ടിസി) ലാണ് പരിചരണം

കാറ്റഗറി സി ആശുപത്രിയില്‍
ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, മയക്കം, രക്തസമ്മര്‍ദത്തിലുള്ള കുറവ്, കഫത്തില്‍ രക്തം, ചര്‍മം നീല നിറമാകല്‍, എന്നീ ലക്ഷണങ്ങളോടൊപ്പം ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങള്‍, (ഐഎല്‍ഐ) ഉള്ള കുട്ടികള്‍, (മയക്കം, ഉയര്‍ന്ന/നീണ്ടുനില്‍ക്കുന്ന പനി, ഭക്ഷണം കഴിപ്പിക്കാന്‍ ബുദ്ധിമുട്ട്, അപസ്മാര ലക്ഷണം, ബുദ്ധിമുട്ടിയുള്ള ശ്വാസോച്ഛാസം മുതലയാവ) ദീര്‍ഘകാലമായി വിട്ടുമാറാത്ത രോഗങ്ങള്‍ വഷളാകുന്ന അവസ്ഥ എന്നിവ ഉള്ളവരും. –- ഇവര്‍ക്ക് തെരഞ്ഞെടുത്ത കോവിഡ് ആശുപത്രികളില്‍ പരിചരണം നല്‍കണം.

