KOYILANDY DIARY

The Perfect News Portal

സാന്ത്വന സ്പർശം കൊയിലാണ്ടി താലൂക്ക് അദാലത്ത് ആരംഭിച്ചു

കൊയിലാണ്ടി: സാന്ത്വന സ്പർശം കൊയിലാണ്ടി താലൂക്ക് അദാലത്ത് ആരംഭിച്ചു. രാവിലെ ഗതാഗക വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു. താലൂക്കിലെ വിവിധ മേഖലകളിൽ നിന്ന് ആളുകൾ കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഓരോ വകുപ്പുകളിലുള്ള പരാതിക്കാര്ക്ക് പ്രത്യേകം ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷൻ പൂർത്തിയാക്കി നമ്പർ പ്രകാരമാണ് വിവിധ ആവശ്യങ്ങളിലെ പരാതിക്കാരെ അതാത് വകുപ്പ് കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അദാലത്ത് നടക്കുന്നത്. ആളുകളെ അതാത് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും മറ്റ് നിർദ്ദേശങ്ങൾ നൽകുന്നതിനും വളണ്ടിയരാമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച് പരസഹായത്തോടെ ജീവിക്കുന്ന നിരവധിപേർ അദാലത്തിൽ എത്തിയിട്ടുണ്ട്. മറ്റ് ഗുരുതരമായ അസുഖ ബാധിതരും എത്തിച്ചേർന്നതോടെ ഇവരുടെ പരാതി കേൾക്കുന്നതിന് രണ്ട് മന്ത്രിമാരും ടൌൺഹാളിന് പുറത്ത് പ്രത്യേക വേദിയൊരുക്കി അവരുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടണ്ട്.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ കെ. പി സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡണ്ട് പി. ബാബുരാജ്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ചേമഞ്ചേരി, മൂടാടി, പേരാമ്പ്ര ഉൾപ്പെടെ മറ്റ് വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, താലൂക്കിലെ മറ്റ് ജനപ്രതിനിധികൾ എല്ലാ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ മുഴുവൻ സമയവും അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertisements

കോഴിക്കോട് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ ഏകീകരിച്ച് ആളുകളുടെ പരാതിക്ക് തത്സമയം തീർപ്പ് കൽപ്പിക്കുന്നത്. ഉച്ചവരെ നിരവധി ആളുകളുടെ പരാതികളാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്. അവശത അനുഭവിക്കുന്ന സർക്കാർ ആനുകൂല്യത്തിന് അർഹതപ്പെട്ട നിരവധി പേർക്കാണ് ധനസഹായം ഉൾപ്പെടെ അനുവദിച്ചു കിട്ടിയിട്ടുള്ളത്. ആദാലത്ത് വൈകീട്ട് വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *