KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ തട്ടുകടകളുടെ കൈയ്യേറ്റം വ്യാപകം – ഗതാഗത കുരുക്ക് രൂക്ഷം – അപകടങ്ങളും വർദ്ധിച്ചു

കൊയിലാണ്ടി ദേശീയപാതയിൽ തട്ടുകടകളുടെ കൈയ്യേറ്റം വ്യാപകം – ഗതാഗത കുരുക്ക് രൂക്ഷം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെങ്ങളം മുതൽ നന്തി വരെ നൂറുകണക്കിന് തട്ടുകടകളാണ് പ്രത്യക്ഷപ്പെട്ടത്. കൂടുതലും ചായയും ഫാസ്റ്റ് ഫുഡ്ഡും ഉൾപ്പെടെയുള്ള തട്ടുകടകളാണ് വഴിമുടക്കികളായും യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയും കച്ചവടം നടത്തുന്നത്. കൊയിലാണ്ടിയിൽ ഇപ്പോൾ ഗതാഗത കുരുക്ക് ഇത്രയേറെ രൂക്ഷമാകാൻ കാരണം ഇത്തരം കടകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സമീപ ദിവസം നിരവധി അപകടങ്ങൾ ഇതിൻ്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. റോഡിലെ ടാറിംങ് കഴിഞ്ഞാൽ ആകെ രണ്ട് മീറ്ററുകൾ മാറി ഇത്തരം കടകൾ സ്ഥാപിച്ചതോടെ വലിയ വാഹനങ്ങൾ സൈഡിലേക്ക് ഇറക്കാനോ മറ്റ് വാഹനങ്ങളെ മറികടക്കാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത് ഇത് പലപ്പോഴും മണിക്കൂറുകളോളം പട്ടണത്തെ സ്തംഭനത്തിലാക്കുന്നു. ഇവിടങ്ങളിൽ മത്സ്യ കച്ചവടവും തകൃതിയാണ്.

പൊരിച്ച കോഴി, അയല, പുട്ട് മറ്റ് വിഭവങ്ങൾ, ചായ, ലഘു കടികൾ എന്നിവ ഓടകൾക്ക് സമീപം വെച്ച് വിൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് കെ.കെ. പറഞ്ഞു. പരാതികൾ ഉയർന്നതിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ ദേശീയപാതയോരത്തെ ഇത്തരം കടകളിൽ നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശത്തിൻ്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പല കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

Advertisements

2006ലെ ഭക്ഷ്യ സുരക്ഷ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നത്. ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുകയാണ്. ഇവിടങ്ങളിൽ ഫ്രൂട്സ് കടകളും മത്സ്യ വിൽപ്പനയും, തുണിക്കച്ചവടം, കോഴിക്കച്ചവടം മറ്റ് നിരവധി അനധികൃത വിൽപ്പന വലിയതോതിലാണ് നടക്കുന്നത്. പൊതു മാർക്കറ്റ് വിലയേക്കാളും കൂടുതാലാണ് ഇവിടങ്ങളിലെ വില എന്ന് ആരോപണവും ശക്തമാണ്. കൂടാതെ അളവിലും കൃത്രിമം കാണിക്കുന്നതായി ആരോപണം ഉണ്ട്.

നഗരസഭയുടെയും, മറ്റ് സ്വാകര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് വൻ തുക അഡ്വാൻസ് നൽകി മാസത്തിൽ ഭീമമായ വാടക അടക്കുന്ന നൂറുകണക്കിന് കച്ചവടക്കാർ സ്ഥാപനങ്ങൾ നടത്തിയെടുക്കാൻ പ്രയാസപ്പെടുകയാണ്. വഴിയോര കച്ചവടമാണ് ഇവിടെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്. കൊയിലാണ്ടി ദേശീയപാതയിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് വഴിയോര കച്ചവടം നടത്താനുള്ള അനുമതിയുള്ളു. അവർക്ക് ഐഡൻ്റിറ്റി കാർഡ് അനുവദിച്ച് നൽകിയിട്ടുണ്ട്. അതിൻ്റെ മറവിൽ ഒരാളുടെ ഉടമസ്ഥതയിൽ നിരവധി കടകൾ നടക്കുന്നതായാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *