KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. ഐടിഐക്ക് 4.22 കോടിയുടെ പദ്ധതിക്ക് ശിലയിട്ടു

കൊയിലാണ്ടി:  കിഫ്ബിയുടെ ധനസഹായത്തോടെ  ആധുനികവൽക്കരിക്കുന്ന  കൊയിലാണ്ടി ഗവ. ഐ.ടി.ഐ. യിലെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. ലോകത്തിലെ തൊഴിൽ രംഗത്തുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. അതിനനുസൃതമായി ഭൗതിക വികസന രംഗത്തു കൂടി ആധുനികവത്ക്കണം നടത്തേണ്ടതുണ്ട്.  അതാണ് കിഫ്ബി ധനസഹായം വഴി ഇപ്പോൾ കേരളത്തിലെ  ഐ.ടി.ഐ. കളിൽ നടന്നു വരുന്നത്.  പുതിയ ട്രേഡുകൾ കൂടി അനുബന്ധമായി അനുവദിക്കുമെന്നും സമയ ബന്ധിതമായി തന്നെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

34 വർഷം പിന്നിടുന്ന കുറുവങ്ങാട് ഗവ. ഐ.ടി.ഐ  4.22 കോടി രൂപ ചെലവിൽ സമഗ്ര വികസനത്തിലേക്കാണ് ഇതോടെ ചുവട് വെക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിൽ തന്നെയുള്ള കേയ്സ് ( കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്) നാണ് പദ്ധതിയുടെ നിർവഹണ ചുമതല. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ട നിർമാണമാണ് ഇപ്പോൾ ആരംഭിച്ചത്. അക്കാദമിക് ബ്ലോക്ക്, മെയിൻ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിൻ, കോമ്പൗണ്ട് വാൾ, റോഡ്, വര്‍ക് ഷോപ്പുകളുടെ നവീകരണം, ക്ലാസ് മുറികള്‍ ഹൈടെക് ആക്കല്‍,  ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫർണീച്ചറുകൾ  തുടങ്ങി വലുതും ചെറുതുമായ നിരവധി പ്രവൃത്തികൾ ആദ്യഘട്ടത്തിൽ നടക്കും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പററ്റീവ് സൊസൈറ്റിയാണ് നിർമ്മാണം എറ്റെടുത്തിരിക്കുന്നത്. 12 മാസമാണ് പദ്ധതി പൂർത്തീകരണ കാലയളവ്. കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ ബിനില, ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് രവികുമാർ , പ്രിൻസിപ്പാൾ സുമതി ടി. കെ, നകുൽ, ജ്യോതികുമാർ, മുകുന്ദൻ എന്നിവർ സന്നിഹിതരായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *