സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ (92)അന്തരിച്ചു

ന്യൂഡല്‍ഹി > രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ധന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലെ ജെ ബി പന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സ്കൂള്‍ അധ്യാപികയായിരുന്ന പ്രഭ 1988ല്‍ നിര്യാതയായി. ഡോ. അളക(അഹമ്മദാബാദ്), അമേരിക്കയില്‍ സാമ്പത്തിക വിദഗ്ധനായ അശോക് എന്നിവര്‍ മക്കളാണ്്.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലവും സമരതീവ്രവുമായ ജീവിതത്തിനാണ് ബര്‍ധന്റെ വിയോഗത്തോടെ തിരശ്ശീല വീണത്. ബംഗ്ളാദേശിന്റെ ഭാഗമായ സില്‍ഹെത്തില്‍ 1925 സെപ്തംബര്‍ 25നാണ് അര്‍ധേന്ദു ഭൂഷണ്‍ ബര്‍ധന്‍ ജനിച്ചത്. സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ബര്‍ധന്റെ കുടുംബം നാഗ്പുരിലെത്തി. നാഗ്പുര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ ബര്‍ധന്‍ 1940ല്‍ എഐഎസ്എഫ് പ്രവര്‍ത്തകനായി. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേര്‍ന്നു. പാര്‍ടിയുടെ പൂര്‍ണ സമയപ്രവര്‍ത്തകനായ അദ്ദേഹം വീടുവിട്ടു. 1945ല്‍ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി. മൂന്നു വര്‍ഷം ഈ പദവിയില്‍. നാഗ്പുര്‍ സര്‍വകലാശാല യൂണിയന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍നിന്ന് ബര്‍ധന്‍ ട്രേഡ് യൂണിയന്‍ മേഖലയിലേക്ക് മാറി.

വൈദ്യുതി, റെയില്‍വേ, തുണിമില്‍, പ്രസ്, എന്‍ജിനിയറിങ്, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ പല തവണ അറസ്റ്റിലായ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരകാലം മുതല്‍ മൊത്തം നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞു. കൊല്‍ക്കത്തയില്‍ ട്രേഡ് യൂണിയന്‍ സംഘാടകനായി പ്രവര്‍ത്തിക്കവെ രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. സിപിഐ മധ്യപ്രദേശ് പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയിലും പിന്നീട് മഹാരാഷ്ട്ര സംസ്ഥാന കൌണ്‍സിലിലും അംഗമായി. 1942 മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയറ്റില്‍ അംഗമായിരുന്നു. പഠനം പലവട്ടം തടസ്സപ്പെട്ടുവെങ്കിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടി. സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

നാഗ്പുര്‍ സിറ്റി നിയമസഭ മണ്ഡലത്തില്‍നിന്ന് 1957ല്‍ നിയമസഭാംഗമായി. 1968ല്‍ സിപിഐ ദേശീയ കൌണ്‍സില്‍ അംഗമായി. 1978ല്‍ നടന്ന ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ പാര്‍ടിയുടെ ദേശീയ എക്സിക്യൂട്ടീവിലെത്തി. 1982ല്‍ നടന്ന വാരാണസി കോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയറ്റംഗമായി. 1995ലെ ഡല്‍ഹി പാര്‍ടി കോണ്‍ഗ്രസില്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ആഗസ്തില്‍, ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ ബര്‍ധന്‍ പാര്‍ടിയുടെ അമരക്കാരനുമായി. 2012ലെ പട്ന പാര്‍ടി കോണ്‍ഗ്രസ് വരെ ഈ സ്ഥാനത്തു തുടര്‍ന്നു. സിപിഐയുടെ പാര്‍ടിപരിപാടി തയ്യാറാക്കാനുള്ള കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ബര്‍ധന്‍ നിലവില്‍ ദേശീയ കൌണ്‍സിലിലും എക്സിക്യൂട്ടീവിലും അംഗമായിരുന്നു.

