ഗാസയിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടു
ഗാസ: ഗാസയിൽ ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിലും റാഫയിലും ഞായറാഴ്ച രാവിലെമാത്രം 30ലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16,000 ആയതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്‌തു.

ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. തെക്ക് റാഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, റാഫയിലുൾപ്പെടെ വലിയ ബോംബാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.

ലക്ഷ്യങ്ങളെല്ലാം കൈവരിക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെതിരായ സമ്പൂർണ വിജയത്തിനായി വെടിനിർത്തിയ ഇടവേളയിൽ തങ്ങളുടെ സൈനികർ തയ്യാറെടുത്തുവെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ, ഗാസ യുദ്ധം ചർച്ച ചെയ്യാൻ ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) ചൊവ്വാഴ്‌ച ഉച്ചകോടി ഖത്തറിൽ ചേരും.

