KOYILANDY DIARY

The Perfect News Portal

 ഗാസയിൽ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേൽ സെെന്യം കൊലപ്പെടുത്തി

 ഗാസയിൽ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേൽ സെെന്യം കൊലപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന് തെറ്റിദ്ധാരിച്ചാണ് ഇവരെ വെടിവച്ചതെന്ന് സെെന്യം വെളിപ്പെടുത്തി. പിന്നീടാണ് കൊല്ലപ്പെട്ടവർ ഹമാസ് ബന്ദികളാക്കിയവരാണെന്ന് മനസിലായതെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐ ഡി എഫ്) വ്യക്തമാക്കി.

യോതം ഹെെം(28), സമർ തലാൽക്ക (22), അലോൺ ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ ഷെജയ്യയിൽ പ്രവർത്തിക്കുന്ന സെെനിക സംഘമാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ പിടിയിലായ നൂറോളം പേർ ഇപ്പോഴും ഗാസയിൽ ബന്ദികളായി തുടരുകയാണ്.

 

മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഐ ഡി എഫ് പറഞ്ഞു. ഒക്ടോബർ ഏഴിന് രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഹമാസ് ഭീകരരെ തിരിച്ചറിയാനും പിടികൂടാനും സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇത് സംബന്ധിച്ച ലഘുലേഖകൾ സൈനിക വിമാനങ്ങളിലൂടെ ഗാസയിലുടനീളം വിതരണം ചെയ്തു.

Advertisements

 

ഗാസയിലെ ഹമാസ് തലവനും ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ യഹ്യാ സിൻവാറിന് 4,00,000 ഡോളറും ( 3,32,25,660 രൂപ ), സഹോദരനും ഹമാസിന്റെ സതേൺ ബ്രിഗേഡ് കമാൻഡറുമായ മുഹമ്മദ് സിൻവാറിന് 3,00,000 ഡോളറുമാണ് ( 2,49,20,850 രൂപ ) വിലയിട്ടിരിക്കുന്നത്. കൂടാതെ, മറ്റ് ഉന്നത കമാൻഡർമാരായ റാഫാ സലാമേ, മുഹമ്മദ് ദെയ്ഫ് എന്നിവരുടെ വിവരങ്ങൾ നൽകുന്നവർക്ക് യഥാക്രമം 2,00,000 ഡോളർ ( 1,66,12,750 രൂപ ), 1,00,000 ഡോളർ ( 83,06,335 രൂപ ) വീതവും വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കരയാക്രമണം മൂന്നാഴ്ചയ്ക്കുള്ളിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിവരം. ഹമാസ് നേതാക്കളെ കേന്ദ്രീകരിച്ചായിരിക്കും അടുത്ത ഘട്ടമെന്നാണ് സൂചന.