KOYILANDY DIARY

The Perfect News Portal

ഫറോക്കിൽ പുതിയ പാലത്തിന്‌ 55 കോടി

ഫറോക്ക്: ഫറോക്ക് പഴയ ഇരുമ്പുപാലത്തിന്‌ സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിന് 55 കോടി രൂപയുടെ ഭരണാനുമതി. ചാലിയാറിന് കുറുകെ പഴയ പാലത്തിന്  കിഴക്കുഭാഗത്തായി അത്യാധുനിക രീതിയിൽ “എക്സ്ട്രാ ഡോസ്ഡ് കേബിൾ’ രീതിയിലുള്ള പാലമാണ് ഉയരുക. സിഐആർഎഫ് ഫണ്ടിൽ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പാലം നിർമാണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ പദ്ധതിയിൽ  സംസ്ഥാനത്ത് ഏഴ്  പാലങ്ങൾക്കായി  167 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
Advertisements
പുഴയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ മൂന്ന്‌ സ്പാനോടുകൂടി  280 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള പാലത്തിന്  ഇരുഭാഗത്തും 150 മീറ്റർ അപ്രോച്ച് റോഡുമുണ്ടാകും. പാലത്തിൽ ഇരു ഭാഗത്തും കേബിൾ ഡെറ്റോടുകൂടിയ നടപ്പാതയും ഒരുക്കും. പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് നിർമാണച്ചുമതല. 18 മാസമായിരിക്കും നിർമാണ കാലാവധി.  എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഫറോക്ക്‌ പഴയപാലം അടുത്തിടെയാണ്‌ 90 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചത്. രണ്ടാം ഘട്ട നവീകരണത്തിനും ദീപാലംകൃതമാക്കുന്നതിനും 60 ലക്ഷം രൂപയും അനുവദിച്ചു.