KOYILANDY DIARY

The Perfect News Portal

മഴയെത്തും മുന്നെ മാലിന്യമുക്തമാകും ജില്ല

കോഴിക്കോട്‌: മഴയ്‌ക്ക്‌ മുന്നേ  നാടും നഗരവും മാലിന്യ മുക്തമാക്കാനായി സംയുക്ത കർമപദ്ധതി ഒരുങ്ങുന്നു.  മഴക്കാലപൂർവ ശുചീകരണ ക്യാമ്പയിനോടൊപ്പം ഇത്തവണ മാലിന്യ നിർമാർജനത്തിന്‌  ഊന്നൽ നൽകും. ബ്രഹ്മപുരം മാലിന്യ പ്ലാന്റ്‌ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണിത്‌. ഹരിത കേരള മിഷൻ, കില എന്നിവയുടെ നേതൃത്വത്തിൽ  തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ്‌ പ്രവർത്തനങ്ങൾ. ഇതിനായി  ജില്ലയിലെ 12 ബ്ലോക്കുകളിൽ പ്രതിനിധികളെയും  നിയോഗിച്ചു.
വാർഡ്‌ തലം മുതൽ വിപുലമായ പ്രവർത്തനങ്ങളാണ്‌ ആസൂത്രണംചെയ്യുന്നത്‌. ജൂൺ അഞ്ചിനകം പൂർത്തീകരിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ കഴിഞ്ഞു. സമയബന്ധിതമായുള്ള മാലിന്യ നീക്കവും സംവിധാനങ്ങളും ഉറപ്പാക്കാനായാണ്‌  ഓരോ ബ്ലോക്കിലും പ്രതിനിധികളെ നിയോഗിച്ചത്‌. ജില്ലാ തലത്തിൽ കോർ കമ്മിറ്റി, വാർഡ്‌ കമ്മിറ്റി, വാർഡിൽ രണ്ട്‌ ക്ലസ്‌റ്ററുകൾ, ശുചിത്വ സ്‌ക്വാഡ്‌, ആരോഗ്യ ജാഗ്രതാ സമിതി എന്നിവയും രൂപീകരിച്ചു. കൃത്യമായ  കലണ്ടർ തയ്യാറാക്കി  വീടുകൾ, പൊതു ഇടങ്ങൾ, സ്വകാര്യ ഭൂമി, ജലാശയങ്ങൾ എന്നിവയിലെ മാലിന്യം നീക്കുകയാണ്‌ ലക്ഷ്യം.  ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത വീടുകൾ കണ്ടെത്തി മെയ്‌ 15ഓടെ  ഇവിടങ്ങളിൽ ഇത്തരം സംവിധാനം സ്ഥാപിക്കും.
Advertisements
മാലിന്യം തള്ളുന്ന പ്രദേശങ്ങൾ  ഡിജിറ്റലൈസ്‌ ചെയ്യും. മാലിന്യമുക്ത മേഖലകളിൽ വാതിൽപ്പടി ശേഖരണം 100 ശതമാനം ഉറപ്പാക്കും. ഇത്തരം മേഖലകളിലെ  വീടുകളെ കണ്ടെത്താനായി  ഹരിതകർമസേനയുമായി കരാറുണ്ടാക്കും. സ്വകാര്യ പറമ്പിൽ കൂട്ടിയിട്ട മാലിന്യം നീക്കിത്തുടങ്ങി.  ഈ മാസം 30 ഓടെ പൊതു സ്ഥലങ്ങൾ വൃത്തിയാക്കും. നിയമ ലംഘനം കണ്ടെത്താൻ  വാർഡ്‌ തല വിജിലൻസ്‌ സ്‌ക്വാഡുകളുടെ പരിശോധനയുണ്ടാകും. മെയ്‌ മുതൽ മാലിന്യ രഹിത പൊതു ഇടങ്ങളുടെയും  വാർഡുകളുടെയും  പ്രഖ്യാപനം നടക്കും.