KOYILANDY DIARY

The Perfect News Portal

ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ 3 പേർ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. ടെലഗ്രാംവഴി ട്രേഡിങ് നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടന്‍ അബ്ദുള്‍ ഷമീര്‍ (33), പോരൂര്‍ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കല്‍ വീട്ടില്‍ റിബിന്‍ (18) എന്നിവരെയാണ് പാണ്ടിക്കാടുനിന്ന് പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് അങ്ങാടിപ്പുറം സ്വദേശിനിയാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ തട്ടിപ്പുകാര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുവാക്കള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. മുഖ്യപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും  ഇന്‍സ്‌പെക്ടര്‍  എന്‍ എസ് രാജീവ് അറിയിച്ചു. എസ്ഐമാരായ ഷിജോ സി തങ്കച്ചന്‍, ബാബു, സിപിഒമാരായ സല്‍മാന്‍, ഫസീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.