KOYILANDY DIARY

The Perfect News Portal

എസ്‌സി, എസ്‌ടി, പിന്നാക്ക വിദ്യാർത്ഥികൾക്ക്‌ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി നൽകിയത് 2606.4 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ എസ്‌സി, എസ്‌ടി, പിന്നാക്ക വിദ്യാർത്ഥികൾക്ക്‌ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി നൽകിയത്‌ 2606.4 കോടി രൂപ. കഴിഞ്ഞ ദിവസം അനുവദിച്ച 454.15 കോടി രൂപ ഉൾപ്പെടെയാണിത്‌. സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്കക്കാർ, ന്യൂനപക്ഷ വിഭാഗങ്ങൾ, മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്‌ സ്‌കോളർഷിപ് നൽകുന്നത്‌.

പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ചെറുത്താണ്‌ എൽഡിഎഫ്‌ സർക്കാർ സ്‌കോളർഷിപ് തുടരുന്നത്‌. രണ്ടര ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക്‌ പോസ്‌റ്റ്‌മെട്രിക്‌ സ്‌കോളർഷിപ് നിഷേധിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഈ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ പണം വകയിരുത്തി വരുമാന ഭേദമില്ലാതെ എല്ലാവർക്കും സ്‌കോളർഷിപ് നൽകാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

 

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ് ഇനത്തിലുണ്ടായിരുന്ന 632. 99 കോടി രൂപ കുടിശ്ശിക കൊടുത്തു തീർത്തു. 2021 മാർച്ച്‌ 31 വരെയുള്ള കുടിശ്ശികയാണ്‌ നൽകിയത്‌. 2021-–-22 ൽ 596.35 കോടിയും 2022–-23ൽ 683.72 കോടിയും 2023–-24ൽ 239.19 കോടിയുമാണ്‌ ഇതുവരെ വിദ്യാർഥികൾക്കു നൽകിയത്‌. ഇതിനു പുറമെയാണ്‌ കുടിശ്ശിക തീർക്കാൻ 454.15 കോടി രൂപകൂടി കഴിഞ്ഞ ദിവസം അനുവദിച്ചത്‌. പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക്‌ 1071.02 കോടിയും പട്ടികവർഗ വിദ്യാർത്ഥികൾക്ക്‌ 118. 07 കോടി രൂപയുമാണ്‌ ഇതുവരെ വിതരണം ചെയ്‌തത്‌.

Advertisements