മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിന് തടയിടണം: യെച്ചൂരി

തൃശൂർ: നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പേരാട്ടങ്ങൾക്കൊപ്പം മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിനെ തടയിടാൻ തൊഴിലാളികളും ബഹുജനങ്ങളും ഒന്നിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനെതിരായി രാഷ്‌ട്രീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരണം. കേരളം മികച്ച ബദലാണ്. തൃശൂരിൽ ഇ എം എസ് സ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരങ്ങൾ ഉയരുമ്പോൾ വംശീയത, വർഗീയ വിഭജനം വിദ്വേഷം എന്നീ കാർഡിറക്കി ഭിന്നിപ്പിക്കും. പലപ്പോഴും പ്രധാനമന്ത്രി മൗനംപാലിക്കും. എന്നാൽ ആസുത്രിതമായി ചിലപ്പോൾ ആളിക്കത്തിച്ച് മുതലെടുക്കും. സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായി ഇന്ത്യ ചുരുങ്ങിയതോടെ അയൽക്കാരുമായുള്ള നമ്മുടെ ബന്ധം താറുമാറായി. രാജ്യത്ത് നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കോർപറേറ്റുകളും ഭരണാധികാരികളും കൈകോർക്കുകയാണ്. അയഥാർഥ കാര്യങ്ങൾ സത്യമെന്നപോലെ പ്രചരിപ്പിച്ച് യഥാർത്ഥ ജീവിതപ്രശ്‌നങ്ങളിൽ നിന്ന് വഴിതിരിക്കും. കോർപറേറ്റുകൾക്ക് ലാഭം കൊയ്യാൻ സർക്കാർ അവസരം ഒരുക്കുകയാണ്.


