ഡ്യൂട്ടിയിലുള്ള കെ.എസ്.ഇ.ബി. ജീവനക്കാരനുനേരെ കൈയ്യേറ്റം

കൊയിലാണ്ടി: ഡ്യൂട്ടിയിലുള്ള കെ.എസ്.ഇ.ബി. ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ കോൺഗ്രസ്സ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെയായരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ബിൽ അടക്കാത്ത വീടുകളിലെത്തി മുന്നറിയിപ്പുമായി പോയ ജീവനക്കാരനെയാണ് കൗൺസിലർ കൈയ്യേറ്റം ചെയ്തത്. കൈയ്യേറ്റത്തോടൊപ്പം രൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കുകയും ബൈക്കിലുണ്ടായിരുന്ന കേബിളുകൾ വലിച്ചെറിയുകയും കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജീവനക്കാരനായ എം. ഷാജി പറഞ്ഞു.

തുടർന്ന് മർദ്ദനമേറ്റ ജീവനക്കാരൻ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിൻ്റെ ഭാഗമായി എ.ഇ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പോലീസുമായി സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് മർദ്ദനമേറ്റ ജീവനക്കാരൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. കെ.എസ്.ഇ.ബി. ഹയർ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.


