KOYILANDY DIARY

The Perfect News Portal

നഗരസഭയെ വെല്ലുവിളിച്ച് കൊയിലാണ്ടി സിറ്റിബസാർ ബിൽഡിംഗിൽ കോടികളുടെ അനധികൃത നിർമ്മാണം

ജനം കാണുന്നു ഈ ഉളുപ്പില്ലാത്ത കൈയ്യേറ്റം.. കൊയിലാണ്ടി: നഗരസഭയെ വെല്ലുവിളിച്ച് കൊയിലാണ്ടി സിറ്റിബസാർ ബിൽഡിംഗിൽ അനധികൃത നിർമ്മാണം തുടരുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നഗരസഭയുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് സ്റ്റേറ്റ് ബാങ്കിന് സമീപമുള്ള ഈ കെട്ടിടത്തിൽ കൈയ്യേറ്റം നടക്കുന്നത്. പരസ്യമായി രാവും പകലും ഇവിടെ പതിനഞ്ചോളം തൊഴിലാളികളെ വെച്ച് കൈയ്യേറ്റം തുടരുകയാണ്. പലപ്പോഴായി ഈ വിഷയം കൊയിലാണ്ടി ഡയറി നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് മാസം മുമ്പ് സ്‌റ്റോപ്പ് മെമ്മോ കൊടുത്ത് പ്രവൃത്തി തടഞ്ഞിരുന്നു.

എന്നാൽ സ്‌റ്റോപ്പ് മെമ്മോയ്ക്ക് പുല്ല് വില കൽപ്പിച്ച് നിർമ്മാണം തകൃതിയായി നടക്കുന്നതിനിടെ അധികൃതർ കൊയിലാണ്ട പോലീസിൻ്റെ സഹായത്തോടെ ഇപ്പോൾ പണി നിർത്തിവെപ്പിച്ചിട്ടുണ്ട്.. ചില ഉദ്യോഗസ്ഥരുടെ പിന്തുണയാണ് ഇതുവരെ ഇവർക്ക് പ്രവൃത്തി തുടരാൻ പ്രേരണയായതെന്ന് കൊയിലാണ്ടി ഡയറിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഏതാണ്ട് ഒരു കോടിയിലധികം രൂപയുടെ വർക്ക് ഇതിനകംതന്നെ ഇവിടെ നടത്തിയതായാണ് മനസിലാക്കുന്നത്. ഇതിന് മൂകസാക്ഷിയായടി ചില ഉദ്യോഗസ്ഥരും. പ്രവാസി വ്യവസായിയായ മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. 2016 മാർച്ച് 21ന് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വോഡ ഫോൺ ഓഫീസിന് തീപിടിച്ച് വൻ നാശനഷ്ടമുണ്ടായിരുന്നു.

5 നിലകളിലായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി താഴെനിന്ന് അഞ്ചാമത്തെ നിലയിലേക്ക് 66 സ്റ്റെപ്പുകളുള്ള ഗോവണി നിർമ്മാണം ഇതിനകം ഉടമയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫോളോറിൽ നിന്ന് 4 നിലകളിലേക്കുള്ള പ്രധാന കോൺഗ്രീറ്റ് സ്ലാബുകളും, പില്ലറുകളും ഉൾപ്പെടെ മെഷീൻ ഉപയോഗിച്ച് തകർത്ത് പുതുമോഡിയിൽ നിർമ്മാണം നടക്കുകയാണ്. താഴത്തെ പാർക്കിംഗ് സ്ഥലം പൂർണ്ണമായും ഇല്ലാതാക്കി പുതിയ റൂമുകളും എസ്‌കലേറ്റർ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പെർമിറ്റ് പ്ലാനും ഇന്നത്തെ കെട്ടിടവുമായി യാതൊരു ബന്ധവുമില്ലാത്ത നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ.

Advertisements

കൂടാതെ കെട്ടിടത്തിന്റെ മുൻ വശത്തെ പാർക്കിംഗ് സ്ഥലത്ത് നിന്ന് എ.സി.പി. ഷീറ്റ് ഇടാനെന്ന വ്യാജേന നഗരസഭയുടെ രേഖാമൂലമുള്ള അനുമതി വാങ്ങി മൂന്ന് മീറ്ററിലധികം ഹൈവെയുടെ ഭാഗത്തേക്ക് കൂട്ടിയെടുത്തതായും കാണുന്നു. ഇത് നഗരസഭയുടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ നടക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും കോഴയും കൊടുത്താൽ ആർക്കും ഏത് കെട്ടിടവും പുതുക്കി പണിയാൻ സാധിക്കും എന്നാണ് ഈ നിർമ്മാണത്തിലൂടെ മനസിലാവുന്നത്.

നഗരസഭയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ചില ഉദ്യോഗസ്ഥർ വാങ്ങി പോക്കറ്റിലിടുന്ന ലക്ഷങ്ങൾ നഗരസഭയ്ക്ക് ലഭിക്കേണ്ട കോടികളുടെ വരുമാനമാണ് നഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ഈ ഇനത്തിൽ കോടികളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ളത്. കൊയിലാണ്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൈയ്യേറ്റങ്ങൾ നിരവധിയായി നടക്കുന്നുണ്ട്.

കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് നിരവധി കെട്ടിടങ്ങളുടെ പ്രവൃത്തി നഗരസഭ നോട്ടീസ് നൽകി തടഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം ചില കൈയ്യേറ്റങ്ങൾ നിർബാധം തുടരുന്നത് വൻ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരം കൈയ്യേറ്റങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *