KOYILANDY DIARY

The Perfect News Portal

കടൽ കാണാൻ ഭാഗ്യം കിട്ടിയ നിഷക്ക് സ്വപ്‌ന സാഫല്യം

ചേമഞ്ചേരി: നിഷയുടെ വീടും കടലും തമ്മിൽ നൂറുമീറ്റർ അകലം മാത്രമാണുള്ളത്. എന്നാൽ, ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് ശരീരം മുഴുവൻ തളർന്ന് കിടപ്പായ നിഷയ്ക്ക് കടല് കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിരുന്നില്ല. പതിമൂന്നു വയസ്സുവരെ വിവിധ ആശുപത്രികളിലെ ജീവിതം. പിന്നീടുള്ള കാലം വീട്ടിൽ തളച്ചിടപ്പെട്ട അവസ്ഥ. വീട്ടിൽ അമ്മയും മറ്റൊരു ബന്ധുവും മാത്രമാണുള്ളത്. കാണാത്ത കടലിന്റെ ആകാശ പരപ്പും നീലിമയും കൺകുളിർക്കെ കണ്ടപ്പോൾ കാപ്പാട് കണ്ണൻകടവ് സ്വദേശിനി നിഷയ്ക്ക് സമ്മാനിച്ചത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസ് പ്രവർത്തകരാണ് നിഷയെ കാപ്പാട് ബീച്ചിലെത്തിക്കാൻ മുൻകൈയെടുത്തത്. തിരമാലകളെ തൊട്ടറിഞ്ഞും തീരത്തെ കാഴ്ചകൾ അനുഭവിച്ചും നിഷ വ്യാഴാഴ്ചത്തെ സായാഹ്നം ആസ്വദിച്ചു. എല്ലാം മറന്ന് അവൾ ചിരിച്ചു. വെള്ളത്തിലൂടെ തള്ളിക്കൊണ്ടു പോകുന്ന പ്രത്യേക വണ്ടിയിൽ കയറ്റി സുഹൃത്തുക്കൾ നിഷയ്ക്കായി ഉല്ലാസയാത്രയൊരുക്കി. നാൽപ്പത്തേഴ് വയസ്സിനിടയിൽ തൊട്ടടുത്തുള്ള കടലിനെ കാണാനും അറിയാനും തനിക്ക് ഭാഗ്യമുണ്ടായിരുന്നില്ലെന്ന് നിഷ പറഞ്ഞു. ഭിന്നശേഷിക്കാരുടെ സ്വതന്ത്രകൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ വാർഷികമാണ് ജീവിതത്തിൽ നിഷ പങ്കെടുത്ത ഏക പൊതുപരിപാടി.

നിഷയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് ഏയ്ഞ്ചൽ സ്റ്റാർസ് പ്രവർത്തകരായ സാബിറ കെ. പാറക്കൽ, പ്രഭാകരൻ എളാട്ടേരി, പ്രകാശൻ, ബിനേഷ് ചേമഞ്ചേരി, കോയ, മിനി, പ്രദീപൻ എന്നിവർ ചേർന്ന് നിഷയെ കാപ്പാടിന്റെ മനോഹര കാഴ്ചകളിലേക്ക് കൊണ്ടുവന്നത്. ഒന്നരവയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽച്ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് എയ്ഞ്ചൽ സ്റ്റാർസ് രൂപവത്കരിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *