ഒ.കെ. സുരേഷിന് മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ജില്ലാതല അവാർഡ്

പോലീസ് സേനയ്ക്ക് അഭിമാനമായി… കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ജില്ലാതല അവാർഡ് ഒ. കെ. സുരേഷിന് (കീഴരിയൂർ, നെല്ലിയുള്ളതിൽ താഴെ) കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.സി.പി.ഒ. ഡ്രൈവർ ആണ് സുരേഷ്. 20 വർഷത്തോളം സർവീസുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി കാർഷിക രംഗത്ത് സജീവമാണ്. പച്ചക്കറിയും വാഴയും നെല്ലും എല്ലാം കൃഷി ചെയ്യുന്നു. അച്ഛൻ കുഞ്ഞിരാമൻ നായരിൽ നിന്നും പഠിച്ച കൃഷിപാഠങ്ങൾ പോലീസായിട്ടും പ്രവർത്തിപഥത്തിൽ കൊണ്ടുവരുകയായിരുന്നു. ഭാര്യ: എൻ.ടി. ശോഭ മക്കൾ: ബി. ടെക് വിദ്യാർത്ഥി സൂര്യപ്രഭയും, എട്ടാം ക്ലാസ് വിദ്യാർഥി സൂര്യനന്ദയും. കുടുംബമൊന്നാകെ കൃഷിയിൽ സഹായിക്കുന്നു.

ഇതോടൊപ്പം നൂറിലേറെ മുട്ടക്കോഴികളെയും 2 ടാങ്ക് മത്സ്യവും വളർത്തുന്നുണ്ട്. കൂടാതെ അലങ്കാര പക്ഷി വളർത്തലിലും സജീവമാണ്. കഴിഞ്ഞ അഞ്ചുവർഷമായി നമ്പ്രത്ത് കര യുപി സ്കൂളിലെ പിടിഎ പ്രസിഡണ്ട് ആയതിനാൽ കുട്ടികളോടൊപ്പം കലാരംഗത്തും സജീവമാണ്. കഴിഞ്ഞവർഷം സ്കൂൾ വാർഷികത്തിന് സുരേഷ് നാടകം എഴുതി സംവിധാനം ചെയ്ത് കുട്ടികളെ കൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം 5 കവിതകളും എഴുതി. നെൽകൃഷിയെ പറ്റി എന്റെ നെൽപ്പാടം, പുഴയോരം, തുലാവർഷം, മരമുത്തശ്ശി, കുട്ടിക്കാലം എന്നിവ അതിൽ കുട്ടിക്കാലം ഏറെ ജനശ്രദ്ധ നേടി. നടുവത്തൂർ ആശ്രമം സ്കൂളിൻ്റെ പ്രവേശനോത്സവ ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇനിയും കൂടുതൽ എഴുതണമെന്നാണാഗ്രഹമെന്ന് സുരേഷ് പറഞ്ഞു.


