KOYILANDY DIARY

The Perfect News Portal

തോരായിക്കടവ് പാലം ഉൾപ്പെടെ കെ. ദാസൻ എന്ന വികസന നായകന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്വപ്‌ന പദ്ധതികൾ കൊയിലാണ്ടിയെ ഇനിയും മുന്നോട്ട് നയിക്കും

കൊയിലാണ്ടി: തോരായിക്കടവ് പാലം യാഥാർത്ഥ്യമാവുമ്പോൾ കൊയിലാണ്ടിയുടെ എക്കാലത്തെയും വികസന നായകനായ മുൻ എം.എൽ.എ. കെ. ദാസൻ പൂർണ്ണ സംതൃപ്തനാണ്. അദ്ധേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്വപ്‌ന പദ്ധതികൾ കൊയിലാണ്ടിയെ ഇനിയും മുന്നോട്ട് നയിക്കുമെന്ന് തെളിയിക്കുകയാണ് തോരായിക്കടവ് പാലത്തിലൂടെ. അദ്ധേഹം തുടക്കം കുറിച്ച വൻ പദ്ധതികളുടെ ആരംഭവും പൂർണ്ണതയും ഇനി കാനത്തിൽ ജമീലയെന്ന അമരക്കാരിയുടെ കൈയ്യൊപ്പെടെ ജനഹൃദയങ്ങളിലേക്ക് ഉദിച്ചുയരുമെന്ന പ്രതീക്ഷയാണ് കൊയിലാണ്ടിക്കാർക്ക് നൽകുന്നത്. ഇവിടെയാണ് തോരായിക്കടവെന്ന സ്വപ്ന പാലം തിരിതെളിയിക്കുന്നത്. അത്തോളി പഞ്ചായത്തിനെയും ചേമഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം എന്ന ആശയം ചർച്ചയായ വേളയിൽ തന്നെ അതിന്റെ പ്രവർത്തനവുമായി മുന്നിട്ടറങ്ങിയ അനുഭവമാണ് കെ. ദാസന് പങ്കുവെക്കാനുള്ളത്. അത്തോളി പഞ്ചായത്തിലേക്കും കോഴിക്കോട്ടേക്കും വളരെ എളുപ്പത്തിൽ എത്താൻ സഹായിക്കുന്നതും, പൂക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും, തിരിച്ച് ദേശീയ പാതയിലേക്കും, കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും എന്ന പ്രത്യേകതയും ഈ പാലത്തിനുണ്ട്.

2016ൽ തന്നെ പാലവുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ധേഹം ഓർമ്മിച്ചു. അതിൽ സ്ഥലം വിട്ട് നൽകിയവരുൾപ്പെടെ പലരും ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിട്ടുള്ളവരാണ്. അവരുടെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും ഈ പാലത്തിന് വേണ്ടി മുൻകൈ എടുക്കുമ്പോഴും അവരിൽ നിന്ന് ലഭിച്ചിട്ടുള്ള പിന്തുണ വളരെ വലുതാണെന്നും, രണ്ട് പഞ്ചായത്തിലെ വാർഡ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടുമാരും, പുരുഷൻ കടലുണ്ടി എം.എൽ.എ.യും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ അക്കാലത്തെ കൂട്ടായ പ്രവർത്തനവും ഒപ്പം ഇപ്പോൾ കാനത്തിൽ ജമീല എം.എൽ.എ.യുടെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമായാണ് തോരായിക്കടവ് പാലം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലേക്ക് എത്തിയതെന്നും കെ. ദാസൻ പറഞ്ഞു. ജമീലയുടെ ഇടപെടലിന്റെ ഭാഗമായി പാലം ടെണ്ടറിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമായെന്നും കെ. ദാസൻ കൂട്ടിച്ചേർത്തു. 21 കോടി 61 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് കിഫ്ബിയിലൂടെ നടപ്പിലാക്കുന്നത്

പാലത്തിന്റെ ആകെ നീളം 265 മീറ്ററാണ്.  ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുൾപ്പെടെ 12 മീറ്ററാണ് ആകെ വീതി. 21 കോടി 61 ലക്ഷം രൂപയാണ് ഭൂമിയേറ്റെടുക്കലിനുൾപ്പെടെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. 8 തൂണുകളിലായി ആകെ 9 സ്പാനുകൾ ഉണ്ടാകും. ഇതിൽ 8 സ്പാനുകൾക്ക് ശരാശരി 26 മീറ്റർ നീളമുണ്ടാവും. മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാൽ 50 മീറ്റർ നീളവും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമുണ്ടാവും. മണ്ഡലത്തിൽ പൂർണ്ണമായും കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്നതും വേഗത്തിൽ ടെണ്ടറിലേക്ക് എത്തിയതുമായ ആദ്യത്തെ പാലമാണ് തോരായിക്കടവ് പാലമെന്ന് അദ്ധേഹം പറഞ്ഞു.

Advertisements

ഇനിയും നിരവധി പദ്ധതികളാണ് തുടക്കമിട്ടതും പൂർത്തിയാക്കാനുമായി ജനത കാത്തിരിക്കുന്നത്. ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് 20 കോടിയുടെ പദ്ധതി കമ്മീഷൻ ചെയ്ത് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന 85 കോടിയുടെ വികസന പ്രവർത്തനം അന്തിമഘട്ടിത്തിലേക്ക് കടക്കുകയാണ്. ഇതിനായി നഗരസഭയിലും കീഴരിയൂർ പഞ്ചായത്തിലുമായി 3 കേന്ദ്രങ്ങളില് ഭീമൻ ടാങ്കിന്റെ വർക്കുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. മെയിൻ പൈപ്പിടുന്ന പ്രവൃത്തിയും പൂർത്തീകരണത്തിലെത്തി, പദ്ധതി യാഥാർത്ഥ്യമായാൽ കുടിവെള്ളത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കൊയിലാണ്ടി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഒരു ജനതയുടെ ജീവന്റെ വിലയുള്ള മറ്റൊരു സ്വപ്‌നമാണ് യാഥാർത്ഥ്യമാകുക. പ്രത്യേകിച്ച് ഉപ്പ് വെള്ളം കയറി ദുരിതം പേറുന്ന കൊയിലാണ്ടിയിലെ തീരദേശ നിവാസികൾക്ക് ഇതിലൂടെ ലഭിക്കുന്നത് പുതിയൊരു ജീവിതമാണ്. പദ്ധതിയുടെ പൂർത്തീകരണത്തിന് കാനത്തിൽ ജമീല എം.എൽ.എ.യുടെ നേതൃത്വത്തിൽ കണ്ണ് വെച്ച പ്രവർത്തനമാണ് നടന്നുവരുന്നതെന്ന് കെ. ദാസൻ ഓർമ്മിപ്പിച്ചു.

അതോടൊപ്പം കൊയിലാണ്ടിയിലെ ടൂറിസം മേഘലയ്ക്ക് പുത്തനുണർവ്വുണ്ടാക്കുന്ന മൂടാടി പഞ്ചായത്തിലെ ജലസ്രോതസ്സായ കൊയിലോത്തുംപടി കടുക്കുഴി ചിറയുടെ സംരക്ഷണവും സൗന്ദര്യവൽക്കരണത്തിന്റെ പ്രവൃത്തിയും ആരംഭിച്ചു കഴിഞ്ഞു. 5 കോടിയുടെ വികസന പദ്ധതികളാണ് ഇതോടനുബന്ധിച്ച് നടക്കുന്നത്. സമീപ ദിവസമാണ് കാനത്തിൽ ജമീല എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായി ഇതിനായി അന്തിമ അനുമതി ലഭിക്കുന്നത്. 5 ഏക്കറോളം വ്യാപിച്ചു കിടക്കുന്നതാണ് കടുക്കുഴി ചിറ. സമീപ ദിവസമാണ് പുളിയഞ്ചേരി നീന്തൽ കുളത്തിന്റെ നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുത്തത്.

ഇനിയും ഒട്ടേറെ വികസന പദ്ധതികളാണ് കൊയിലാണ്ടിയിലെ ജനത കാത്തിരിക്കുന്നത് ഒപ്പം കാനത്തിൽ ജമീലയെന്ന ജനപ്രതിനിധിയുടെ ഇടപെടൽ എല്ലാറ്റിനും വെളിച്ചം വീശും എന്ന പ്രതീക്ഷയോടെ..


Leave a Reply

Your email address will not be published. Required fields are marked *