KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ മറവില്‍ അനധികൃതമായി തണ്ണീര്‍ത്തടം നികത്തല്‍

കൊയിലാണ്ടി: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ മറവില്‍ അനധികൃതമായി തണ്ണീര്‍ത്തടം നികത്തല്‍ പ്രവൃത്തികള്‍ നടത്തുന്നതായി പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പേരാമ്പ്ര കൈതക്കലിനു സമീപത്തു നിന്നും അനധികൃതമായി അനുമതിയില്ലാതെ ചെമ്മണ്ണ് കടത്തിയ എര്‍ത്ത് മൂവര്‍, ടിപ്പര്‍ ലോറി എന്നിവ കസ്റ്റഡിയിലെടുത്തു.

ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയെന്ന വ്യാജേന ”പേരാമ്പ്ര ബൈപ്പാസ് പ്രൊജക്റ്റ്” എന്ന സ്റ്റിക്കറുകള്‍ പതിച്ച് യാതൊരു വിധ രേഖകളും കൂടാതെ ചെമ്മണ്ണ് കടത്തവെയാണ് പ്രസ്തുത വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഏതൊക്കെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നതെന്ന വിവരം ബൈപ്പാസ് നിര്‍മ്മാണ അതോറിറ്റി താലൂക്ക്, വില്ലേജ്, പോലീസ് എന്നീ  അധികാരികളെ അറിയിക്കാത്തത് ഇത്തരം നിയമ ലംഘന പ്രവ‍ത്തികള്‍ തടയുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി തഹസില്‍ദാര്‍ അറിയിച്ചു.

പേരാമ്പ്ര ബൈപ്പാസിന് ഏറ്റെടുത്ത ഭൂമിക്ക് സമീപത്തുളള താഴ്ന്ന പ്രദേശങ്ങള്‍ വലിയ തോതില്‍ നികത്തപ്പെട്ട സാഹചര്യത്തില്‍ ഈ സ്ഥലമുടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മേഞ്ഞാണ്യം, എരവട്ടൂര്‍ എന്നീ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും, അനധികൃതമായി ചെമ്മണ്ണ് ഖനനം ചെയ്ത സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നൊച്ചാട് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപികരിച്ച് ഈ പ്രദേശങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതാണെന്നും തഹസില്‍ദാര്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് രവീന്ദ്രന്‍ യു. കെ, ക്ലര്‍ക്ക് അഖില്‍. പി.പി. ബിനു മാവുളളകണ്ടി എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *