പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ മണ്ണിടിച്ചിൽ-വഴി തടസ്സപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ ഭീഷണിയിൽ


കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. വീടുകളിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകൾ ഭീഷണിയിലായിരിക്കുകയാണ്. മണമൽ പുതിയേടത്താണ് സംഭവം. നെല്ലിക്കോട്ട് കുന്നിലേക്കുള്ള വഴിയിലെ സ്റ്റെപ്പുകൾ മണ്ണിനടിയിലായിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയാണ് മണ്ണിടിയാൻ കാരണം. മണ്ണിടിഞ്ഞ ഭാഗത്തെ വൈദ്യുതി പോസ്റ്റുകൾ അപകടഭീഷണിയിലായിരിക്കുകയാണ്.

നെല്ലിക്കോട്ട് കുന്നുമ്മൽ ബാലൻ്റെ ഉടമസ്ഥതിയിലുള്ള 20 അടിയോളം ഉയരത്തിലുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്, വലിയ ഉരുളൻ കല്ലുകളും മണ്ണും താഴേക്ക് പതിച്ച് സ്റ്റെപ്പുകൾ മൂടപ്പെട്ടിരിക്കുകയാണ്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്ഥലം സന്ദർശിച്ചു. അദ്ധേഹം വില്ലേജ് അധികൃതർക്ക് വിവരം കൈമാറിയിട്ടുണ്ട്. അപകട ഭീഷണിയിലായ ഇലക്ട്രിക് പോസ്റ്റ് കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി കമ്പികൊണ്ട് കെട്ടി നിർത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ഇതുവരെയും മണ്ണ് നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.


