KOYILANDY DIARY

The Perfect News Portal

കാലിക്കറ്റ് സർവ്വകലാശാലയിൽ ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് ലഭിച്ചില്ലെന്ന ആക്ഷേപം

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് ലഭിച്ചില്ലെന്ന ആക്ഷേപം. ഡിഗ്രി ആറാം സെമസ്റ്റർ ഗ്രേഡ് കാർഡാണ് ലഭിക്കാത്തതെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിഗ്രി ഫലം ആദ്യമായി പ്രഖ്യാപിച്ചത് തങ്ങളാണെന്ന് വരുത്തി തീർത്ത് പ്രശസ്തി നേടിയെന്ന് മേനി ചമയുകയാണ് സർവ്വകലാശാല. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന നിരവധി വിദ്യാർത്ഥികൾ സർവകലാശാലയുടെ അലംഭാവം മൂലം ഗ്രേഡ് കാർഡ് ലഭിക്കാതെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സർവകലാശാലയുടെ സൈറ്റിൽ നിന്ന് കോപ്പികൾ ഡൗൺലോഡ് ചെയ്തെടുത്തതാൽ മറ്റു സർവകലാശാലകൾ അംഗീകരിക്കില്ലെന്നുള്ളതും വിദ്യാർത്ഥികൾക്ക് വിനയായി. അതേസമയം സംസ്ഥാനത്തിനകത്തുള്ള സർവകലാശാലകളിൽ വെബ്സൈറ്റിൽ നിന്ന് കോപ്പിയെടുത്ത് താൽക്കാലികമായി ഉപരിപഠന പ്രവേശന സമയത്ത് കാണിക്കാമെങ്കിലും രാജ്യത്തിനു പുറത്തുള്ള സർവകലാശാലകൾ ഇത് അംഗീകരിക്കില്ല. എൻ.സി.സി, എൻ.എസ്.എസ് ഉൾപ്പെടെയുള്ള ഗ്രേസ് മാർക്കുകൾ ചേർക്കാൻ വൈകിയതാണ് ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് വിതരണത്തിലെ കാലതാമസത്തിനാധാരം. കഴിഞ്ഞ മാർച്ച് മാസം മുതൽ എൻ എസ് എസ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പരിശോധിച്ച് എല്ലാം യഥാസമയം ശരിയാക്കി വെക്കുന്നതിലുള്ള നിരുത്തരവാദിത്വമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയതെന്ന് ആരോപണം.

ഇപ്പോൾ ഫലം പ്രസ്ഥാപിച്ച ഡിഗ്രി ആറാം സെമസ്റ്ററുകാരുടെ രണ്ടാം സെമസ്റ്ററിന്റെ സപ്ലിമെന്റി ഫലം ഇതുവരെ നൽകിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം പോലും ഇതുവരെ നടത്തിയിട്ടില്ല. ഇതിന്റെ ഫലം കാത്തിരിക്കുന്ന ആറാം സെമസ്റ്ററുകാർക്ക് ഡിഗ്രി വിജയിച്ചതായി ഉറപ്പാക്കാൻ കഴിയില്ല. ഫൈനൽ ഡിഗ്രി കൺസോളിഡേറ്റ് ഗ്രേഡ് കാർഡ്  ഡിജിറ്റൽ വിഭാഗത്തിൽ നിന്ന് ഇതു വരെ പ്രിന്റ് ചെയ്ത് സെക്ഷനുകളിൽ എത്തിയിട്ടില്ലെന്നുമാണറിവ്. എൻ എസ് എസ് ഉൾപ്പെടെയുള്ള ഗ്രേസ് മാർക്കുകൾ ചേർത്ത് എപ്പോൾ ഗ്രേഡ് കാർഡ് വിദ്യാർഥികൾക്ക് വിതരണം ചെയ്യുമെന്ന് അന്തിമമായി തീരുമാനമെടുത്തിട്ടില്ല.

Advertisements

വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ളവർ ഗ്രേഡ് കാർഡ് അത്യാവശ്യത്തിന് ലഭിക്കണമെങ്കിൽ സർവകലാശാലയിൽ നേരിട്ടെത്തി വാങ്ങുകയല്ലാതെ മറ്റ് വഴികളില്ല. ഓരോ സെമസ്റ്ററിന്റെയും ഗ്രേഡ് കാർഡിന് വിദ്യാർഥികൾ ഫീസടക്കുന്ന ഇനത്തിൽ സർവകലാശാലയുടെ ഫണ്ടിൽ കോടികൾ എത്തുന്നുണ്ടെങ്കിലും വിദ്യാർഥികൾക്ക് നൽകുന്നത് ഫൈനൽ ഡിഗ്രി കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് മാത്രമാണ്. മറ്റു സെമസ്റ്ററുകളുടെതെല്ലാം സർവകലാശാല സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന കോപ്പിയാണ് എല്ലാവർക്കും ലഭിക്കുന്നതെന്നുമാണ് ആക്ഷേപം. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ് വി, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *