KOYILANDY DIARY

The Perfect News Portal

104 ഉപഗ്രഹവുമായി പിഎസ്എല്‍വി സി-37 ബുധനാഴ്ച ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിക്കും

തിരുവനന്തപുരം: 104 ഉപഗ്രഹവുമായി പിഎസ്എല്‍വി സി-37 റോക്കറ്റ് ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിക്കും. സതീഷ്ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് കുതിപ്പ്. ഇതിനായുള്ള കൗണ്ട് ഡൌണ്‍ ചൊവ്വാഴ്ച രാവിലെ 6.28ന് ആരംഭിക്കും. വിക്ഷേപണത്തിനായുള്ള ഒരുക്കം പുരോഗമിക്കുന്നതായി സതീഷ്ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണനും  വിഎസ്എസ്സി ഡയറക്ടര്‍ കെ ശിവനും പറഞ്ഞു. അവസാന വട്ട ഒരുക്കം പരിശോധിക്കാന്‍ തിങ്കളാഴ്ച ശ്രീഹരിക്കോട്ടയില്‍ ഉന്നതതല യോഗം ചേരും.

104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന ചരിത്ര കുതിപ്പിനു കരുത്തേകുന്നത് തിരുവനന്തപുരത്തിന്റെ സ്വന്തം വിക്ഷേപണ വാഹനം. ഇത്രയധികം ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന പിഎസ്എല്‍വി സി-37 റോക്കറ്റ് രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒ സെന്ററുകളാണ്. പൂര്‍ണമായി തദ്ദേശീയമായി വികസിപ്പിച്ച എക്സ്എല്‍ ശ്രേണിയിലുള്ള റോക്കറ്റാണ് ഇക്കുറി ഉപയോഗിക്കുന്നത്.

അത്യന്തം സങ്കീര്‍ണമായ വിക്ഷേപണത്തിനായി ഏറെ മാറ്റംവരുത്തിയാണ് രൂപകല്‍പ്പന. റോക്കറ്റിലെ നിയന്ത്രണ സംവിധാനങ്ങളടക്കമുള്ള പ്രധാന ഭാഗങ്ങള്‍ തുമ്പ വിഎസ്എസ്സിയുടേതാണ്. ദ്രവ എന്‍ജിനടക്കം റോക്കറ്റിലെ രണ്ടും മൂന്നും ഭാഗം വലിയമല എല്‍പിഎസ്സിയുടേതും. ഇവര്‍ക്കൊപ്പം ഐഐഎസ്യുവും പങ്കുവഹിച്ചു. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ റോക്കറ്റായ പിഎസ്എല്‍വിയുടെ 39-ാമത് ദൌത്യമാണിത്. ആദ്യ വിക്ഷേപണങ്ങളില്‍ ചിലത് പിഴച്ചെങ്കിലും തുടര്‍ന്ന് എല്ലാം വിജയം കണ്ടു.

Advertisements

കാര്‍ട്ടോസാറ്റ്-2 അടക്കം മൂന്ന് ഇന്ത്യന്‍ ഉപഗ്രഹവും 101 വിദേശ ഉപഗ്രഹവുമാണ് 15നു വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന്റെ 17-ാം മിനിറ്റില്‍ 505 കിലോയുള്ള കാര്‍ട്ടോസാറ്റ് വേര്‍പെട്ട് ലക്ഷ്യത്തിലേക്ക് നീങ്ങും. തുടര്‍ന്ന് ഇന്ത്യയുടെ രണ്ട് നാനോ ഉപഗ്രവും. 19-ാം മിനിറ്റ് മുതലാണ് ഏറെ നിര്‍ണായകം. 101 നാനോ ഉപഗ്രഹങ്ങളെ ഒന്നൊന്നായി ഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി ഇറക്കിവിടുകയെന്ന  സങ്കീര്‍ണമായ പ്രവര്‍ത്തനം ആദ്യമാണ്. പരസ്പരം കൂട്ടിയിടിച്ച് ലക്ഷ്യം തെറ്റാതെയും തകരാതെയും പേടകങ്ങളെ സുരക്ഷിതമായി ഇറക്കിവിടുന്ന സാങ്കേതിക വിദ്യ ഏറെ പണിപ്പെട്ടാണ് വികസിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *