KOYILANDY DIARY

The Perfect News Portal

തളിക്ഷേത്രത്തിൽ 1.4 കോടിയുടെ രണ്ടാം പാക്കേജ്

കോഴിക്കോട്: തളി ക്ഷേത്ര പൈതൃകപദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 1.4 കോടി രൂപ അനുവദിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തളിയുടെ പൈതൃകം മുൻനിർത്തിയാണ്‌ നവീകരണം. ക്ഷേത്രക്കുളം നവീകരിക്കും. കൽമണ്ഡപത്തോടെയുള്ള ജലധാരയും ഒരുക്കും.
നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പൈതൃക പദ്ധതികളും തീർഥാടക വിനോദസഞ്ചാര വികസന പദ്ധതികളും നടപ്പാക്കും. ശ്രീകണ്‌ഠേശ്വരം ക്ഷേത്രം  ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടും.
നഗരത്തെ കൂടുതൽ ആകർഷകവും വിനോദ സഞ്ചാര സൗഹൃദവുമാക്കുന്നതിനായി ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളെ ദീപാലംകൃതമാക്കും. പ്രധാന പാർക്കുകളും പാലങ്ങളും സൗന്ദര്യവൽക്കരിക്കും. കലാലയങ്ങളിലെ ടൂറിസം ക്ലബ്‌ അംഗങ്ങളെ ഉൾപ്പെടുത്തി വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കും.
തളി ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടാണ്‌ വിനോദസഞ്ചാരവകുപ്പ്‌ ആദ്യഘട്ട നവീകരണ പൈതൃക പദ്ധതിക്ക് രൂപംനൽകിയത്. ഇതിന്റെ ഭാഗമായി 1.25 കോടി രൂപയുടെ പ്രവൃത്തിയാണ്‌ ആദ്യഘട്ടത്തിൽ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.