KOYILANDY DIARY

The Perfect News Portal

തെരുവുനായശല്യം മറികടക്കാൻ ദീർഘകാല ലക്ഷ്യങ്ങളുള്ള ആസൂത്രണം വേണമെന്ന്‌ സെമിനാർ

കോഴിക്കോട്‌: തെരുവുനായശല്യം മറികടക്കാൻ ദീർഘകാല ലക്ഷ്യങ്ങളുള്ള ആസൂത്രണം വേണമെന്ന്‌ സെമിനാർ. വൈകാരികമായ എതിർപ്പുകൾപ്പുറം യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഇടപെടൽ അനിവാര്യമാണ്‌. കടുത്ത സാമ്പത്തിക ബാധ്യതയും തലവേദനയും ഉണ്ടാക്കുന്ന വിഷയത്തിൽ സുപ്രീം കോടതി വിധിയെയാണ്‌ ഉറ്റുനോക്കുന്നതെന്ന്‌ തദ്ദേശ സ്ഥാപന അധ്യക്ഷർ പറഞ്ഞു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാനതല ശിൽപ്പശാലയിലാണ്‌ വിവിധ മേഖലകളിലെ വിദഗ്‌ധർ കാഴ്‌ചപ്പാട്‌ പങ്കുവച്ചത്‌.
മൃഗസംരക്ഷണ മേഖലയിലെ വിദഗ്‌ധർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്താണ്‌ അഭിപ്രായ രൂപീകരണം ലക്ഷ്യമാക്കി സെമിനാർ സംഘടിപ്പിച്ചത്‌. തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി, മാലിന്യസംസ്‌കരണം, തെരുവുനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളാണ്‌ ചർച്ച ചെയ്‌തത്‌. കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കുത്തിവെപ്പിന്‌ പകരം അമേരിക്കൻ മാതൃകയിൽ ഭക്ഷണത്തിൽ കലർത്തിയ മരുന്നിലൂടെയുള്ള വന്ധ്യംകരണംപോലുള്ള മാർഗങ്ങൾ വികസിപ്പിക്കുന്നതിന്റെ സാധ്യതകൾ ശിൽപ്പശാലയിൽ ഉയർന്നു.
Advertisements
 വന്ധ്യംകരണം മാത്രം നടത്തി നിയന്ത്രണം ഫലപ്രദമാവില്ലെന്നാണ്‌ കോഴിക്കോട്‌ ജില്ലയിലെ എബിസി പദ്ധതിയുടെ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഉദ്‌ഘാടകയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ ശശി വിലയിരുത്തിയത്‌. നായപ്രേമികൾ എന്ന പേരിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സ്‌‌ അന്വേഷിക്കണമെന്ന്‌ തെരുവുനായശല്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ പി. പി. ദിവ്യ പറഞ്ഞു. എബിസി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്‌ കുറഞ്ഞത്‌ രണ്ടായിരം ശസ്‌ത്രക്രിയ നടത്തിയ ഡോക്ടറെ ഉറപ്പാക്കണമെന്നതുപോലുള്ള ചട്ടങ്ങൾ പരിഹാസ്യമാണെന്നും ദിവ്യ പറഞ്ഞു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി. പി. സംഗീത, മോഡറേറ്റർമാരായ ഡോ. ദീപു ഫിലിപ്പ്‌ മാത്യു, ഡോ. എസ്‌. ബി. നാരായണൻ, ഡോ.കെ വിജയകുമാർ, ഡോ. എം കെ നാരായണൻ, ഡോ. പ്രശാന്ത്‌, ഡോ. ബിനു പ്രശാന്ത്‌, ഡോ. കെ. കെ. ബേബി, ഡോ. ബി വേണുഗോപാൽ, ഡോ. സുധീഷ്‌ എസ്‌ നായർ, ഡോ. പി. എൻ. അജിത തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഐവിഎ കേരള പ്രസിഡണ്ട് ഡോ. എൻ മോഹനൻ അധ്യക്ഷനായി. ഡോ. എ ഇർഷാദ്‌ സ്വാഗതവും ഡോ. ടി എസ്‌ ശരത്‌ നന്ദിയും പറഞ്ഞു.