KOYILANDY DIARY

The Perfect News Portal

സൈബർ പാർക്ക്; 184 കോടിയുടെ സമുച്ചയം

കോഴിക്കോട്‌: ഗവ. ഐടി – സൈബർ പാർക്കിൽ പുതിയ സമുച്ചയം വരുന്നു. 184 കോടി രൂപയുടെ പ്രവൃത്തിക്കാണ്‌ മന്ത്രിസഭായോഗം അനുമതി നൽകിയത്‌. ഇതോടെ സൈബർ പാർക്കിൽ കൂടുതൽ ഐടി കമ്പനികൾക്ക്‌ പ്രവർത്തിക്കാൻ ഇടമൊരുങ്ങും. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്‌ (കെഎസ്ഐടിഐഎൽ) പദ്ധതി നിർവഹണ ചുമതല.

184 ൽ 100 കോടി രൂപ കിഫ്‌ബിയിൽനിന്നാണ്‌ നൽകുക. നാലു ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടത്തിനായി പാർക്ക്‌ അധികൃതർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ അനുമതി. ‘സൈബർ പാർക്കിന്റെ വളർച്ചയിൽ നിർണായകമാവുന്ന പദ്ധതിയുടെ ആദ്യകടമ്പയാണിത്‌. സന്തോഷവും പ്രതീക്ഷയും ഉണ്ട്‌.

Advertisements
കൃത്യമായ ആസൂത്രണത്തോടെയാവും നിർമാണവും തുടർപദ്ധതികളും. ഉത്തരവ്‌ ലഭ്യമായശേഷം അത്തരം നടപടികളിലേക്ക്‌ നീങ്ങും’’ സിഇഒ സുശാന്ത്‌ കുറുന്തിൽ പറഞ്ഞു.
2017 ൽ ആരംഭിച്ച സൈബർ പാർക്കിന്‌ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഐടിയിൽ  മലബാറിന്റെ ഹബ്ബായി മാറാനായിട്ടുണ്ട്‌. നിലവിലെ സഹ്യ കെട്ടിടത്തിൽ 98 ശതമാനവും കമ്പനികളായി. പ്രവർത്തനത്തിന്‌ ഇടം തേടി ആഗോള കമ്പനികളിൽനിന്നുവരെ നിരന്തരം അന്വേഷണം വരുന്ന സാഹചര്യത്തിൽ പുതിയ കെട്ടിടം ഐടി വളർച്ച‌ക്ക്‌ മുതൽക്കൂട്ടാവും.
സഹ്യയ്‌ക്ക്‌ പുറമെ മൊബൈൽ ആപ്പുകൾക്കായുള്ള മൊബൈൽ ഇൻക്യൂബേഷൻ സെന്ററുമുണ്ട്‌. 42. 2 ഏക്കറിലുള്ള പാർക്കിൽ അഞ്ച്‌ ഏക്കർ മാത്രമാണ്‌ നിലവിൽ വിനിയോഗിച്ചത്‌. സ്ഥല പരിമിതി ഉള്ളതിനാൽ  കമ്പനികൾക്ക്‌ ഓഫീസ്‌  വിപുലീകരണവും സാധ്യമായിരുന്നില്ല. ഓഡിറ്റോറിയം, ഡേ കെയർ, ആംഫി തിയേറ്റർ തുടങ്ങിയവ വേണമെന്നും    ആവശ്യങ്ങളുയരുന്നുണ്ട്‌. 85 കമ്പനികളിലായി 2000 ജീവനക്കാരാണ്‌ ഐടി പാർക്കിലുള്ളത്‌. കോവിഡാനന്തരം കൂടുതൽ കമ്പനികളെത്തി. മുൻ വർഷങ്ങളെക്കാൾ ഇരട്ടിയിലധികം കയറ്റുമതി വരുമാനവുമുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വർഷം 55.7 കോടിയാണ്‌ വരുമാനം.
മലബാറിന്റെ പുരോഗതിക്ക് വേഗംപകരും
കോഴിക്കോട് ഗവ. സൈബർ പാർക്കിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്‌ മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് എം. എ. മെഹബൂബ് പറഞ്ഞു. കേരളത്തിലെ മികച്ച ഐടി ഡെസ്റ്റിനേഷനായി മാറാനുള്ള കോഴിക്കോടിന്റെ സ്വപ്നങ്ങൾക്ക് ഈ തീരുമാനം കരുത്തുപകരും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ഐടിക്കാർക്കും പ്രയോജനകരമാകും. ഐടി ഇതര മേഖലകളിലും തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ മലബാറിന്റെ പുരോഗതിക്ക് നടപടി വേഗംപകരും.