KOYILANDY DIARY

The Perfect News Portal

സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല: പന്തലായനി വില്ലേജ് ഓഫീസറെ കൗൺസിലർമാർ ഉപരോധിച്ചു

പന്തലായനി വില്ലേജ് ഓഫീസറെ സി.പി.എം.കൗൺസിലർമാർ ഉപരോധിക്കുന്നു

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകാതെ ജനങ്ങളെ ദുരിതത്തിലാക്കിയ പന്തലായനി വില്ലേജ് ഓഫീസറെ കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് നഗരസഭാ പരിധിയിൽ വീടില്ലാ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും അൺമാരേജ് സർട്ടിഫിക്കറ്റുകളുമാണ് വില്ലേജ് ഓഫീസർ തടഞ്ഞുവെക്കുന്നതായി പരാതി ഉയർന്നത്.

ഇതിനെ തുടർന്ന് നഗരസഭാ സി.പി.എം. കൗൺസിലർമാരായ എം. സുരേന്ദ്രൻ, ടി. പി. രാമദാസ്, കെ. വി. സന്തോഷ്, പി. എം. ബിജു എന്നിവർ ചേർന്ന് പ്രതിഷേധവുമായി വില്ലേജ്  ഓഫീസിനകത്ത് കുത്തിയിരുന്നു. ഉടൻതന്നെ ദാഹസിൽദാരെ വിവരമറിയിച്ചു. ആ സമയത്ത് താലൂക്ക് ഓഫീസിലായിരുന്നു വില്ലേജ് ഓഫീസർ. സംഭവം വഷളാകുമെന്നറിഞ്ഞ തഹസിൽദാർ രേഖ എം. വില്ലേജ് ഓഫീസറുമായി സംഭവസ്ഥലത്ത് കുതിച്ചെത്തി കൗൺസിലർമാരോട് കാര്യങ്ങൾ അന്വേഷിച്ചു.

മുപ്പതാം തിയ്യതി കൗൺസിൽ യോഗത്തിൽ അംഗീകാരം വാങ്ങേണ്ട 158 ഫയലുകളാണ് ഇതുവരെയായി വില്ലേജിൽ സമർപ്പിച്ചിട്ടുള്ളത്. ഇത് നിശ്ചിത സമയത്തിനുള്ളിൽ നഗരസഭയിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഈ കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാവുക. വില്ലേജ് ഓഫീസർക്കെതിരെ ഇതിന് മുമ്പും വ്യാപകമായ പരാതി ഉയർന്നിരുതായി കൗൺസിലർമാർ പറഞ്ഞു. വില്ലേജ് ഓഫീസറെ സ്ഥലം മാറ്റണമെന്നും ഇദ്ധേഹം ഇവിടെ ജോലി ചെയ്യണ്ടാ എന്നും കൗൺസിലർമാർ  പറഞ്ഞു.

Advertisements

മറ്റ് വില്ലേജ് ഓഫീസുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൃത്യമായി നൽകുന്നുണ്ട് എന്നിരിക്കെ പന്തലായനി വില്ലേജിൽ പല കാരണങ്ങൾ പറഞ്ഞ് മുടക്കി സർക്കാർ വിരുദ്ധ സമീപനമാണ് ഓഫീസർ സ്വീകരിക്കുതെന്ന് കൗൺസിലർമാർ ആരോപിച്ചു.  കൗൺസിലർമാരും വില്ലേജ് ഓഫീസിലെത്തിയ ഗുണഭോക്താക്കളും ബന്ധുക്കളും വില്ലേജ് ഓഫീസർക്കെതിരെ കയർക്കുകയും സംഘര്ഷത്തിലേക്ക് കടക്കുകയും ചെയ്തു.

തുടർന്ന് തഹസിൽദാർ ഇടപെട്ട് വില്ലേജ് ഓഫീസറെ മുറിയില് നിന്ന്  മാറ്റി നിര്ത്തി കൗൺസിലർമാരുമായി നടത്തിയ ചർചയുടെ അടിസ്ഥാനത്തിൽ ഓഫീസിലെത്തിയ മുഴുവൻ അപേക്ഷകളും രണ്ട് ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്ന് കൗൺസിലർമാർക്ക് ഉറപ്പ് നൽകി. ഇതോടെ രംഗം ശാന്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *