സ്കൂള്‍ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും പരിശോധന ആരംഭിച്ചു

കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിധിയിലുളള സ്കൂള്‍ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും പരിശോധന ആരംഭിച്ചു. ഇന്നലെ 499 വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. ഇതില്‍ 55 വാഹനങ്ങള്‍ മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് തിരി
ച്ചയച്ചു. ഇവര്‍ക്ക് 31 ാം തീയതി വരെ സമയം അനുവദിച്ചു.പരിശോധനയ്ക്കെത്തിയ 20 ഓട്ടോകളില്‍ ഡ്രൈവര്‍ക്ക് പിന്നിലായി മറ്റൊരു സീറ്റ് കൂട്ടിച്ചേർത്ത നിലയില്‍ കണ്ടെത്തി. ഇവ അഴിച്ചുമാറ്റാന്‍ നിര്‍ദേശം നൽകി.
സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടെങ്കിലും അതില്‍ പലതും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. സ്പീഡ് ഗവേണറുകള്‍ ഉണ്ടെങ്കിലും കേബിളുകള്‍ അഴിച്ചുമാറ്റിയനിലയിലാണ്. നിയമലംഘനം കണ്ടെത്തിയ വാഹന ഉടമകളോട് വീണ്ടും വന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നിര്‍ദേശം നല്കി. പ്രീ മണ്‍സൂണ്‍ വാഹന പരിശോധനയാണ് ഇന്നലെ ആരംഭിച്ചത്.

ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിലും ചേവരമ്പലം മുണ്ടിക്കല്‍താഴം ബൈപാസ് റോഡിലുമാണ് വാഹനങ്ങള്‍ പരിശോധിച്ചത്. സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷം പ്രവൃത്തി പരിചയവും ഹെവി വാഹനങ്ങള്‍ ഓടിച്ച് അഞ്ച് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇത് ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങളുടെ കാലപ്പഴക്കവും ഫിറ്റ്നസും ഭീഷണി സൃഷ്ടിക്കുന്നതായി പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ കണക്കു പ്രകാരം ചെറുതും വലുതുമായി ആയിരത്തിലധികം വാഹനങ്ങളാണ് ജില്ലയില്‍ വിദ്യാര്‍ഥികളെ കയറ്റിപ്പോകുന്നത്. 31 നകം ഫിറ്റ്നസ് നേടാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആർടിഒ എ.ടി.പോൾസന്റെ നേതൃത്വത്തിൽ മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാർ, അസിസ്റ്റന്റ് മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ റിനുരാജ്, വിദിന്കുമാർ, ജിന്‍സി ജോര്‍ജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. പരിശോധന 31 വരെ തുടരും.

