KOYILANDY DIARY

The Perfect News Portal

സ്‌കൂളുകളിൽ വീണ്ടും ട്രാക്കുകൾ ഉണരുന്നു

കൊയിലാണ്ടി: സ്‌കൂളുകളിൽ വീണ്ടും ട്രാക്കുകൾ ഉണരുന്നു. രണ്ടു വർഷത്തെ ഇടവേളക്കു ശേഷം സ്‌കൂൾ മൈതാനങ്ങൾ വീണ്ടും കായിക വസന്തങ്ങൾക്ക് വിസിലൂതുന്നു. ഈ വർഷം സംസ്ഥാന കായിക മേളകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്‌കൂളുകളിൽ മേളകളുടെ ആരവം തുടങ്ങി. കൊയിലാണ്ടി മർകസ് പബ്ലിക് സ്‌കൂളിൽ വളരെ വർണാഭമായിട്ടാണ് സ്‌കൂൾ കായിക മേള ആരംഭിച്ചത്.  ലോർഡ്‌സ്, പെർത്, വാങ്കഡെ, ഓക്‌ലാൻഡ് എന്നീ ഹൌസുകളിലായി വിവിധ നിറങ്ങളിൽ അണിയിച്ചൊരുക്കിയ ചിട്ടയൊത്ത  മാർച്ച് പരേഡോടെയാണ് മീറ്റ് ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മീറ്റിൽ നാൽപത്തി ഒന്ന് ഇനങ്ങളിലായി അഞ്ഞൂറിലേറെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

കൊയിലാണ്ടി ട്രാഫിക് അഡിഷണൽ സബ് ഇൻസ്‌പെക്ടർ ശ്രീ ശശിധരൻ സല്യൂട്ട് സ്വീകരിച്ചു. ജ്യോതി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വിനോദ് തുടങ്ങിയ കായിക പരിശീലകരും പ്രമുഖരും  രക്ഷിതാക്കളും  സംബന്ധിച്ചു. സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സി കെ അബ്ദുന്നാസർ അധ്യക്ഷത വഹിച്ച ഉത്ഘാടന സെഷനിൽ അബ്ദുൽ കരീം നിസാമി, റാഫി നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.  മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ കഴിയും വിധമാണ് മീറ്റ് സംഘടിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളിൽ വലിയ ഉന്മേഷം സൃഷ്ടിച്ചുട്ടുണ്ടെന്നും പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി പറഞ്ഞു. സ്പോർട്സ് ക്യാമ്പുകളും കായിക മേളകളും വലിയ സന്തോഷത്തോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും വരവേൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *