KOYILANDY DIARY

The Perfect News Portal

സ്വന്തമായി മാലിന്യസംസ്കരണം നടത്താത്ത ഹോട്ടലുകൾക്കിനി ലൈസൻസില്ല : മന്ത്രി കെ. ടി. ജലീൽ

തളിപ്പറമ്പ്‌: കേരളത്തിലെ എല്ലാ ഹോട്ടലുകളും ഇറച്ചിക്കടകളും മത്സ്യ വില്‍പ്പന ശാലകളും സെപ്തംബര്‍ 15 നകം അവരവരുടെ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തപക്ഷം ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ: കെ. ടി. ജലീല്‍. മാലിന്യനിക്ഷേപത്തിനെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന് പനിക്കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സമയമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. പട്ടുവം ഗ്രാമപഞ്ചായത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ ഭരണം നടത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അഴിമതി ഏറ്റവും അവസാനം മാത്രമേ കടന്നുവരാന്‍ പാടുള്ളൂ എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് അഴിമതി നിലനില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഭരണസമിതിക്ക് ഇവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരേയും പഞ്ചായത്തിന്റെ ജീവനക്കാരായി മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

സേവനങ്ങള്‍ ലഭിക്കുന്നതിന് ഒരാളെ ഒരു തവണയില്‍ കൂടുതല്‍ പഞ്ചായത്ത് ഓഫീസിലേക്ക് വരുത്തുന്നത് ശിക്ഷാനടപടി സ്വീകരിക്കേണ്ട കുറ്റമായി ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, പാവപ്പെട്ടവന്റെ തറവാട്ടില്‍ നിന്നെടുക്കുന്ന പണം കൊണ്ട് തന്നെയാണ് ജീവനക്കാരും മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ശമ്പളം കൈപ്പറ്റുന്നതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Advertisements

ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, പി.കെ.ശ്യാമള, അള്ളാംകുളം മഹമ്മൂദ്, ഐ.വി.നാരായണന്‍, എ. രാജേഷ്, പി. ശ്രീജ, രാജീവന്‍ കപ്പച്ചേരി, പി. പി. മുഹമ്മദ്കുഞ്ഞി, പി. ഭാര്‍ഗവന്‍, ആനക്കീല്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *