KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസുമായി ബന്ധമില്ലാത്ത പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടും

കോട്ടയം: സോളാര്‍ കേസുമായി ബന്ധമില്ലാത്ത പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ കേസെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. നാലര വര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ തനിക്ക് നീതി ലഭിച്ചതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് നന്ദി അറിയിക്കുന്നു. ആരൊക്കെ തെറ്റു ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സരിത പറഞ്ഞു.

ജസ്റ്റിസ് ജി ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ കൂടുതല്‍ പഠിച്ച ശേഷം പോരായ്മകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരിനോട് ബോധിപ്പിക്കും. സോളാര്‍ കേസിന് തീര്‍പ്പായ ശേഷം ഇതുമായി ബന്ധപ്പെടുത്താതെ മാറ്റിവച്ച കുറച്ച്‌ സംഭവങ്ങള്‍ പുറം ലോകത്തെ അറിയിക്കും. ആ സംഭവങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ പുറത്ത് പറയാന്‍ നിര്‍വ്വാഹമില്ല. പുറത്തറിഞ്ഞാല്‍ സോളാര്‍ കേസിന് സംഭവിച്ചതുപോലെ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും സരിത പറഞ്ഞു.

Advertisements

സോളാര്‍ കേസുമായി ബന്ധപ്പെട്ട ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിന്നു. കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച്‌ ശ്രമിച്ചുവെന്ന കമ്മീഷന്‍ കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തന്പാനൂര്‍ രവി, മുന്‍ എംഎല്‍എ ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കും.

ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സരിത നായരില്‍ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒന്‍പത്, പതിമൂന്ന് വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസെടുത്ത് അന്വേഷണം നടത്തുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *