KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളുടെ ജാതിയും മതവും നോക്കി മാര്‍ക്കിടുനെന്ന് വ്യാപക പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ജാതിയും മതവും നോക്കി മാര്‍ക്കിടുനെന്ന് വ്യാപക പരാതി. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗത്തിലെ 34 വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയില്‍ തോറ്റതിന് പിന്നാലെയാണ് മെഡിസിന്‍ വിഭാഗം മേധാവിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭയം കാരണം വിദ്യാര്‍ത്ഥികളാരും പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല.

198 വിദ്യാര്‍ത്ഥികളാണ് അവസാന വര്‍ഷ പരീക്ഷ എഴുതിയിത്. 34 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. ഇതില്‍ 31 പേരും മെഡിസിന്‍ വിഭാഗം വിദ്യാര്‍ത്ഥികളാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ ഇവിടെ പരാജയപ്പെടുന്നത്. മെഡിസിന്‍ വിഭാഗം കുത്തഴിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജിലെ ഈ കൂട്ടത്തോല്‍വിയെ കുറിച്ച്‌ അന്വേഷിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വലിയ രീതിയില്‍ വിവേചനം കാട്ടുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മതവും ജാതിയും നോക്കിയാണ് പര്‍ക്കും മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഭയം മൂലം പരാതിപ്പെടാന്‍ ആരും തയ്യാറായിട്ടില്ല. മറ്റ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ നാലോ അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രം തോറ്റ പരീക്ഷയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാത്രം 34 വിദ്യാര്‍ത്ഥികള്‍ തോറ്റിരിക്കുന്നത്. തീയറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികളാണ് തോറ്റവരില്‍ മിക്കവരും.

Advertisements

പ്രാക്റ്റിക്കല്‍ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറവ്. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് അതത് കോളേജിലെ അധ്യാപകരാണ് നല്‍കുന്നതെന്നതിനാല്‍ മെഡിസിന്‍ ഹെഡിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് അധ്യാപകര്‍ ഇവര്‍ക്ക് മാര്‍ക്ക് നല്‍കുന്നത്. ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

പലപ്പോഴും അധ്യാപകരാരും ക്ലാസെടുക്കാന്‍ എത്താറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പിജി ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് ഇടയ്ക്ക് വന്ന് ക്ലാസ് എടുക്കാറുള്ളത്. അതിനാല്‍ പാഠഭാഗങ്ങള്‍ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനോട് പല തവണ പരാതി പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും എടുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

മെഡിസിന്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പരീക്ഷയില്‍ 42 കുട്ടികള്‍ ആണ് തോറ്റത്. ഇവര്‍ ഇനി ആഗസ്തില്‍ വീണ്ടും പരീക്ഷ എഴുതണം. ക്ലാസില്‍ പോലും കയറാത്ത വകുപ്പ് മേധാവിയും അസോസിയേറ്റ് പ്രൊഫസര്‍മാരുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്റ്റിക്കല്‍ മാര്‍ക്കിടാന്‍ വരുന്നത്. പഠിക്കാത്തതിനാണ് തോല്‍പ്പിക്കുന്നതെങ്കില്‍ സമ്മതിക്കാം. എന്നാല്‍ പഠിപ്പിക്കാതെ പ്രാക്റ്റിക്കല്‍ മാര്‍ക്കിലൂടെ തോല്‍പ്പിക്കുന്നത് സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മെഡിസിന്‍ വിഭാഗത്തിലെ കൂട്ടത്തോല്‍വി അന്വേഷിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമോയെന്ന ഭയം മൂലം ആരും തന്നെ പരസ്യമായി പരാതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായിട്ടില്ല.മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷയില്‍ വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ പരീക്ഷയില്‍ നാല് പേരും കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും ആലപ്പുഴയില്‍ നാല് പേരും മ‍ഞ്ചേരിയില്‍ രണ്ട് പേരും കൊച്ചിയില്‍ ഒന്‍പത് പേരുമാണ് തോറ്റത്.

മികച്ച റാങ്ക് നേടിയ വിദ്യാര്‍ത്ഥികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠനം നടത്തുന്നതെന്നിരിക്കെ ഈ കൂട്ടത്തോല്‍വിയെ കുറിച്ച്‌ അന്വേഷിക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മെഡിക്കല്‍ കോളേജിലെ 250 മെഡിക്കല്‍ സീറ്റുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സലിന്‍റെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി ഈ അംഗീകരാത്തിന് തിരിച്ചടിയായിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *