KOYILANDY DIARY

The Perfect News Portal

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍ റാണി മരിയ.

വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ലത്തീനില്‍ കര്‍ദിനാള്‍ അമാത്തോ വായിച്ചു. ഹിന്ദിയില്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോയും ഇംഗ്ലീഷില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു. കര്‍ദിനാള്‍മാര്‍, അന്‍പതോളം മെത്രാന്മാര്‍, വൈദികര്‍ സന്യസ്തര്‍, വിശ്വാസികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേരാണ് സാക്ഷ്യം വഹിച്ചത്. എല്ലാവര്‍ഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിക്കണമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്കരനാസ് എന്നിവരുള്‍പ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്‍പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി.

Advertisements

പെരുമ്ബാവൂര്‍ പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സന്യാസിനീസഭാംഗമാണ്. ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു.

സിസ്റ്റര്‍ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിങ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *