KOYILANDY DIARY

The Perfect News Portal

സിമന്റ് വില കൈ പൊള്ളിച്ചു തുടങ്ങിയതോടെ നിര്‍മാണ മേഖലയില്‍ മാന്ദ്യം

കോട്ടയം: സിമന്റ് വില കൈ പൊള്ളിച്ചു തുടങ്ങിയതോടെ നിര്‍മാണ മേഖലയില്‍ മാന്ദ്യം. പണികള്‍ കരാറെടുത്തവര്‍ക്കും ചെറുകിടക്കാര്‍ക്കും താങ്ങാന്‍ പറ്റാത്ത വിധം ചാക്കൊന്നിന് 35 രൂപയാണു കഴിഞ്ഞദിവസം കൂടിയത്. ഇതോടെ വീടുകളും കടകളും പണിതുവരുന്ന ചെറുകിടക്കാരുടെ നിര്‍മാണ ബജറ്റ് അപ്പാടെ തകിടം മറിയുകയാണ്. മാന്ദ്യം തൊഴില്‍ക്ഷാമത്തിനും കാരണമായേക്കും.

ചരക്കു സേവന നികുതി നിലവില്‍ വരുമ്പോള്‍ സിമന്റ് വില കുറയുമെന്നതിനാല്‍ കൊള്ളലാഭം ഉറപ്പാക്കാന്‍ കമ്പനികള്‍ മുന്‍കൂട്ടി വില കൂട്ടിയതാണെന്നു വ്യാപാരികള്‍ പറയുന്നു. 50 കിലോ ചാക്കിനു കഴിഞ്ഞമാസത്തെ വില 365 രൂപയും കഴിഞ്ഞവര്‍ഷം 330 രൂപയുമായിരുന്നു.

ജൂലൈയില്‍ ജിഎസ്ടി വരുമ്പോള്‍ സിമന്റ് നികുതി കുറയുമെന്നതിനാല്‍ ഇതേമാസം എത്തുമ്പോഴേക്കും വില 430 രൂപയിലേക്ക് എത്തിക്കാനാണ് സിമന്റ് കമ്പനികളുടെ നീക്കം.  വില നിര്‍ണയ അവകാശം സിമന്റ് കമ്പനികളുടെ കുത്തകയാണ്. ഒരു ചാക്ക് സിമന്റ് ഉല്‍പ്പാദിപ്പിക്കാന്‍ 100 രൂപയോളം മാത്രമേ ചെലവ് വരൂ എന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. ചെലവ്, നികുതി എന്നിവ കൂട്ടിയാലും 150 രൂപയില്‍ താഴെ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കാനാകുമ്പോഴാണ് ഇരട്ടിയിലധികം വില ഈടാക്കുന്നത്.

Advertisements

കേരളത്തില്‍ വിറ്റഴിയുന്ന സിമന്റിന്റെ 60 ശതമാനവും തമിഴ്‌നാട്ടില്‍നിന്നുള്ള ശങ്കര്‍, രാംകോ, ഡാല്‍മിയ, അള്‍ട്രാടെക്, ചെട്ടിനാട്, എസിസി, സുവാരി കമ്പനികളുടേതാണ്. ആന്ധ്രയില്‍നിന്നും ഇവിടെ വില്‍ക്കുന്നത് 20 ശതമാനം മാത്രമാണ്. കേരളത്തിലെ കമ്പനിയായ മലബാര്‍ സിമന്റിന്റെ ഉത്പാദനം മാസം 50,000 ടണ്‍ മാത്രം.

കേരളത്തില്‍ 400 രൂപയ്ക്ക് ഒരു ചാക്ക് സിമന്റ് വില്‍ക്കുമ്പോള്‍ 55 രൂപയോളം നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ സിമന്റിന് സബ്‌സിഡി നല്‍കുന്നതിനാല്‍ വില കുറച്ചുവില്‍ക്കാനാകുന്നു. തമിഴ് സര്‍ക്കാര്‍ അമ്മ ബ്രാന്‍ഡ് സിമന്റ് 200 രൂപ നിരക്കില്‍ പാവങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വന്‍കിട കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയാല്‍ കേരളത്തില്‍ വില കുറയ്ക്കാനാകുമെന്നാണ് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *