KOYILANDY DIARY

The Perfect News Portal

സിപിഐ എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവം: കോൺഗ്രസ് നഗരസഭ കൗൺസിലർ അറസ്റ്റിൽ

കായംകുളം: കോവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി വീട്ടിലേക്ക് മടങ്ങിയ സിപിഐ എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ കായംകുളം നഗരസഭ കൗണ്‍സിലര്‍ അടക്കം പൊലീസ് കസ്റ്റഡില്‍. കായംകുളം ഫയര്‍സ്റ്റേഷനു സമീപം വൈദ്യന്‍ തറയില്‍ വീട്ടില്‍ രാജന്റെ മകന്‍ സിയാദിനെ (34) കൊലപ്പെടുത്തിയക്കേസിലെ മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ കാവില്‍ നിസാം, വിടോബ വാര്‍ഡില്‍ ഫൈസല്‍ എന്നിവരെയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിനുശേഷം സമീപത്തെ അടഞ്ഞുകിടന്ന കടയുടെ ഗോഡൗണില്‍ ഒളിച്ച മുഖ്യപ്രതി വെറ്റ മുജീബിനെ കൗണ്‍സിലര്‍ കാവില്‍ നിസാം സ്കൂട്ടറില്‍കയറ്റി തന്റെ വീട്ടിലും പിന്നീട് പ്രതിയുടെ വീട്ടിലും എത്തിച്ച്‌ രക്ഷപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 10ന് കായംകുളം ഫയര്‍സ്റ്റേഷനു സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം. ബൈക്കില്‍ എത്തിയ രണ്ടംഗ ക്വട്ടേഷന്‍ സംഘം സിയാദിനെ കാലില്‍ കുത്തിവീഴ്ത്തിയശേഷം നെഞ്ചില്‍ അഞ്ച് തവണ കുത്തി. സിയാദ് സംഭവസ്ഥലത്തു മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുളിമൂട്ടില്‍ തെക്കതില്‍ സിയാദി (45) നെ അക്രമികള്‍ വെട്ടിവീഴ്ത്തി. ഇവിടെനിന്ന് കോയിക്കപ്പടിക്കല്‍ ജങ്ഷനില്‍ എത്തിയ വെറ്റ മുജീബ് തുണ്ടില്‍ വീട്ടില്‍ റജീസി (33) നെയും വെട്ടി പരിക്കേല്‍പ്പിച്ചു. സിയാദും റജീസും കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെറ്റമുജീബിനും സംഘാംഗം കോയിക്കപ്പടി സ്വദേശി ഷഫീക്കിനുമായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Advertisements

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സിയാദിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കായംകുളം പുത്തന്‍ തെരുവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച കായംകുളം നഗരത്തില്‍ ഹര്‍ത്താലാചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *