KOYILANDY DIARY

The Perfect News Portal

സിപിഐ എം നേതൃത്വത്തിൽ കാപ്പാടൻ കൈപ്പുഴ ശുചീകരിക്കുന്നു

കൊയിലാണ്ടി: കാപ്പാടൻ കൈപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി സിപിഐ എം വെങ്ങളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. കാപ്പാട‌് വാസ‌്കോഡഗാമ സ്തൂപം മുതൽ അഴിമുഖംവരെ നാലു കിലോമീറ്ററിലധികം ദൂരത്തിൽ ഒഴുകിയിരുന്ന കാപ്പാടൻ കൈപ്പുഴയെ സംരക്ഷിച്ച് ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനായി ആരംഭിച്ച ശുചീകരണയജ്ഞം വേറിട്ട മാതൃകയായി.
സിപിഐ എം വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചെ ആറു മുതൽ ഉച്ചവരെ നടത്തിയ ശുചീകരണ യജ്ഞത്തിൽ നൂറുകണക്കിനു പേർ പങ്കാളികളായി. തോണികളിലും പുഴയിൽ ഇറങ്ങിയുമാണ‌് ശുചീകരണം നടത്തിയത്. ആദ്യകാലത്ത് പലസ്ഥലത്തും 50 മുതൽ 100 മീറ്റർ വരെ വീതിയുമുണ്ടായിരുന്ന ഈ പുഴ പല കാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കയായിരുന്നു.
മുപ്പത്തേഴര ഹെക്ടറിൽ ശുദ്ധജലം നിറഞ്ഞുനിന്ന തടാകമെന്ന് സർക്കാർ രേഖകളിൽ കാണുന്ന ഇവിടം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറച്ചും അതിരുകൾ വെട്ടിപ്പിടിച്ചും കൈയേറ്റം നടത്തിയിരിക്കുകയാണ‌്. മുമ്പ‌് പുഴയിൽ ബണ്ടും ചീർപ്പും കെട്ടി സംരക്ഷിച്ചിരുന്നതിനാൽ ഉപ്പുവെള്ളം കയറാറില്ലായിരുന്നു. വേനൽക്കാലത്ത‌് പ്രദേശവാസികൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും കാപ്പാടൻ കൈപ്പുഴയിലെ ജലം ഉപയോഗിച്ചു. പുഴയിൽ ഉപ്പില്ലാത്തതിനാൽ പ്രദേശത്തെ കിണറുകളിൽ കടൽവെള്ളം കയറാതെ പുഴയിൽ നിന്നുള്ള ശുദ്ധജലം ലഭിച്ചു.
പുഴയ‌്ക്ക‌് ചുറ്റും കണ്ടൽ കാടുകളായതിനാൽ നിരവധി പക്ഷികളുടെ സങ്കേതമായി മാറി. സമീപമുള്ള തുരുത്തുകൾ നിരവധി ചെറിയ മൃഗങ്ങളുടെ ആവാസകേന്ദ്രവുമായി. കണ്ടൽ കാടുകളിൽ നാനൂറിലധികം വ്യത്യസ്ത ചെടികൾ കണ്ടെത്തി. വ്യത്യസ്ത ഇനം പൂക്കൾ വിടർന്നതിനാൽ ശലഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു.
ചേമഞ്ചേരി പഞ്ചായത്തിലെ 18, 17, 14, 15, 13, 12 വാർഡുകളിലായി സ്ഥിതിചെയ്യുന്നതും 19, 16 വാർഡുകളിലെ തോടുകളിൽ നിന്നും ജലം ഒഴുകിയെത്തിയിരുന്നതുമായ കാപ്പാടൻ കൈപ്പുഴയുടെ പഴയകാല അവസ്ഥക്ക് മാറ്റം വന്നിട്ട് ഒരുപാടുകാലമായി. പുഴ കൈയേറുകയും മണ്ണിട്ട‌് നികത്തി തോട്ടമാക്കുകയും വീടും മറ്റ് കെട്ടിടങ്ങളും നിർമിക്കലും തുടർന്നത‌് പുഴയുടെ മരണമണി മുഴങ്ങാൻ കാരണമായി. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കാപ്പാടിന്റെ തൊട്ടടുത്ത് കിടക്കുന്നുവെന്ന ചരിത്ര പ്രാധാന്യം പോലും പലരും മറന്നു.
ലോക്കലിലെ 16 ബ്രാഞ്ചുകളിൽ നിന്നും പ്രവർത്തകർ പുലർച്ചെ തന്നെ കൈപ്പുഴയിൽ ശുചീകരണത്തിനായി എത്തിയിരുന്നു. പുഴ കൈയേറ്റത്തിനെതിരെ ഡിവൈഎഫ്‌ഐ സമരരംഗത്തിറങ്ങിയിട്ട‌് ഏറെ നാളുകളായി. കെ ദാസൻ എംഎൽഎ, കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ‌് അശോകൻ കോട്ട് എന്നിവർ ഒന്നിച്ചാണ് ശുചീകരണം ഉദ്ഘാടനം ചെയ്തത്. പുഴയെ സംരക്ഷിക്കുന്നതോടൊപ്പം കണ്ടൽകാടുകൾ വച്ചുപിടിപ്പിച്ച‌് ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് നേതൃത്വം കൊടുക്കുമെന്ന‌് പ്രസിഡന്റ‌് അശോകൻ കോട്ട് പറഞ്ഞു.
ജില്ലാപഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ഷീബ വരേക്കൽ, ബിന്ദു ഇല്ലത്ത്, സാബിറ, ശൈലജ, പി സി സതീഷ്ചന്ദ്രൻ, ടി വി ചന്ദ്രഹാസൻ, എം സുരേഷ്, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *