KOYILANDY DIARY

The Perfect News Portal

സിപിഐ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി: മുഖ്യമന്ത്രി

ഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തിലെ സിപിഎം-സിപിഐ തര്‍ക്കം മുറുകുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്ന് സിപിഐ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. രാവിലെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തി. പിന്നാലെ സിപിഎം അവെയ്ലബില്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് സിപിഐ കാണിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും പിണറായി പരാതിപ്പെട്ടത്.

മുഖ്യമന്ത്രിയുടെ നിലപാടിനോട് അവെയ്ലബിള്‍ പിബി യോജിച്ചു. തോമസ് ചാണ്ടിയുടെ രാജി ഉറപ്പായിട്ടും സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്കരിച്ചത് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം പിബി ശരിവച്ചു. വിഷയം ദേശീയ തലത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാന നേതൃത്വം തന്നെ സിപിഐക്ക് മറുപടി നല്‍കാനും യോഗം തീരുമാനിച്ചു.

ഡല്‍ഹിക്ക് പോകാനിരുന്ന തോമസ് ചാണ്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയപ്പോള്‍ തന്നെ രാജി ഉറപ്പായിരുന്നു. രാവിലെ തോമസ് ചാണ്ടിയും ടി.പി.പീതാംബരനും തന്നെ കാണാന്‍ വന്നപ്പോള്‍ നാല് ദിവസത്തെ സമയമാണ് രാജിക്കായി ചോദിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സുപ്രീംകോടതിയില്‍ പോകുന്നത് വരെയെങ്കിലും സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതും പറ്റില്ലെന്ന് അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിബിയെ അറിയിച്ചു. പിന്നീടാണ് ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാന്‍ രാവിലെ 11 വരെ സമയം ചോദിച്ചത്. ഇത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യം മനസിലാക്കാതെ സിപിഐ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് പിണറായിയുടെ പരാതി.

Advertisements

ഡല്‍ഹിയില്‍ ഇല്ലാതിരുന്നതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തില്ല. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള, എം.എ.ബേബി തുടങ്ങിയവര്‍ എകെജി സെന്‍റില്‍ നടന്ന യോഗത്തിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *