സിപിഐയ്ക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: സിപിഐയ്ക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി എകെ ബാലന്‍. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐ നടപടി ഭൂഷണമായില്ലെന്ന് മന്ത്രി വിമര്‍ശിച്ചു. പ്രതിച്ഛായ ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അതിന്റെ ഹോള്‍സെയില്‍ അവകാശം ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ല. ബാലന്‍ തുറന്നടിച്ചു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മുന്നണിയിലുണ്ടായ വിവാദങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നത്. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിപിഐയുടെ മന്ത്രിമാര്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.

സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ മുഖ്യമന്ത്രിയും വിമര്‍ശിച്ചിരുന്നു. സിപിഐ മന്ത്രിമാരുടേത് അസാധാരണമായ നടപടിയാണെന്നും എന്നാല്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സിപിഐഎം മുന്നണി മര്യാദ പാലിച്ചിട്ടുണ്ടെന്നും ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

