KOYILANDY DIARY

The Perfect News Portal

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്‌

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട വിവാദസംഭവം പുറത്തു കൊണ്ടുവന്നശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്‌. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനെതിരേയാണു നടപടിയെന്നു മാനേജിങ്‌ ഡയറക്‌ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ ആര്‍. അജിത്‌കുമാര്‍ അറിയിച്ചു.

ആരുടെയും ഫോണ്‍ മംഗളം ടെലിവിഷന്‍ ചോര്‍ത്തിയിട്ടില്ല. ഒരു നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഒരു വീട്ടമ്മ നല്‍കിയ ശബ്‌ദരേഖ മന്ത്രിയുടേതാണെന്ന്‌ ഉറപ്പു വരുത്തിയശേഷം സംപ്രേഷണം ചെയ്യുകയാണുണ്ടായത്‌.

 ഭരണാധികാരം ഉപയോഗിച്ച്‌ സ്‌ത്രീയുടെ അഭിമാനത്തിനുനേരേ നടത്തിയ കടന്നാക്രമണത്തെ ചെറുക്കുകയെന്ന മാധ്യമധര്‍മം പാലിക്കുകയായിരുന്നു മംഗളം ടെലിവിഷന്‍.

ഇത്തരം ഉറച്ച, സത്യസന്ധമായ നിലപാടിനെ താറടിച്ച്‌ അധികാര ദുര്‍വിനിയോഗത്തിനുവേണ്ടി നിലകൊള്ളുന്ന ചിലര്‍ അപവാദ പ്രചാരണങ്ങളുമായി ഇറങ്ങുന്നതിനെതിരേയാണു നിയമനടപടി. അപവാദപ്രചാരണം നടത്തിയ വ്യക്‌തികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന്‌ അജിത്‌കുമാര്‍ പറഞ്ഞു. ഇതിനു മുന്നോടിയായി പ്രവാസി ശബ്‌ദത്തിനെതിരേ ഇന്നു വക്കീല്‍ നോട്ടീസ്‌ അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *