KOYILANDY DIARY

The Perfect News Portal

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫുകാര്‍ക്കാണ് വലിയ പങ്കുള്ളത്: വി. എസ്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇല്ലാതായതായും വിഎസ് പറഞ്ഞു.

കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫുകാര്‍ക്കാണ് വലിയ പങ്കുള്ളത്. കയ്യേറ്റം രൂക്ഷമായി നടന്നിരുന്ന അക്കാലത്ത് രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി എസ് ചോദിച്ചു. വിഎസിന്റെ കാലത്തെ മൂന്നാര്‍ ദൌത്യം വന്‍ പരാജയമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് വിഎസ് നല്‍കിയത്.

 ടാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞു. പന്തീരായിരത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. യുഡിഎഫിന്റെ അഷ്വറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ഏട്ടിലെ പശുവായിരിക്കാന്‍ സമ്മതിച്ചില്ല എന്നര്‍ത്ഥം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കാനാണ് എന്റെ സര്‍ക്കാര്‍ ശ്രമിച്ചത്.
അന്നത്തെ മൂന്നാര്‍ ഓപ്പറേഷനോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചുവെങ്കിലും യുഡിഎഫുകാര്‍ വിതണ്ഡവാദങ്ങളുന്നയിക്കുകയല്ലേ ചെയ്തത്? ഒടുവില്‍ 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നാറില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച ഭൂമിയെല്ലാം വീണ്ടും കയ്യേറിയിരിക്കുന്നു. വീണ്ടും അവിടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. കനത്ത ചൂട് താങ്ങാനാവാതെ മൂന്നാറിലെ ഏലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഇക്കാലമത്രയും കെപിസിസി പ്രസിഡണ്ടും യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല അപ്പോഴൊക്കെ ഉറങ്ങുകയായിരുന്നോ?

ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച ഭൂമിയുടെയും പൊളിച്ച റിസോര്‍ട്ടുകളുടെയും കണക്ക് ഞാന്‍ വെക്കാം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കാലത്ത് സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ച ഒരേക്കര്‍ ഭൂമിയോ, പൊളിച്ചുമാറ്റിയ ഒരു കെട്ടിടമോ കാണിച്ചു തരാമോ എന്ന് ഞാന്‍ ചോദിക്കുകയാണ്. എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു എന്ന വസ്തുത ആര്‍ക്കാണ് നിഷേധിക്കാനാവുക? അന്ന് ഞങ്ങള്‍ പൊളിച്ച മൂന്നാര്‍ വുഡ്സ്, ക്ലൗഡ്9, ബി6, ബിസിജി പോതമേട് തുടങ്ങിയ റിസോര്‍ട്ടുകളെല്ലാം കാടായി നിലനില്‍ക്കുന്നുണ്ടല്ലോ.

Advertisements

എന്നാല്‍, തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ച്‌ ഏറ്റെടുത്ത ചിന്നക്കനാലിലെ ജോയ്സ് റിസോര്‍ട്ട് ഉടമകളുടെ കയ്യില്‍ എങ്ങനെ തിരിച്ചെത്തി എന്ന കാര്യം ചെന്നിത്തല അന്വേഷിച്ചിട്ടുണ്ടോ? അന്ന് സ്റ്റോപ് മെമ്മോ കൊടുത്ത് നിര്‍ത്തിയിരുന്ന പള്ളിവാസല്‍, ചിത്തിരപുരം, പോതമേട്, ചിന്നക്കനാല്‍ ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടായതും പലതിന്റേയും ഉദ്ഘാടനം കഴിഞ്ഞതും മൂന്നാറിലേക്ക് യാത്രപോയ രമേശ് ചെന്നിത്തല നേരിട്ട് കണ്ടുകാണും എന്ന് കരുതുന്നു.

മൂന്നാറിലെ കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നത്. അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കാണാനാവില്ല എന്നും വി എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *