KOYILANDY DIARY

The Perfect News Portal

സര്‍ഗാലയ ക്രാഫ്റ്റ്‌സ്‌ വില്ലേജ് രണ്ടാം ഘട്ട വികസനം നടപ്പാക്കുന്നു

കോഴിക്കോട്: ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്‌ വില്ലേജ് അന്താരാഷ്ട്ര കരകൗശല മൂസിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കി രണ്ടാംഘട്ട വികസനം നടപ്പാക്കുന്നു. കിഫ്ബിയില്‍ അവതരിപ്പിച്ച 54 കോടി രൂപയുടെ വികസനപദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും.

കരകൗശലമേഖലയെ വിനോദസഞ്ചാരവുമായി സമന്വയിപ്പിച്ച്‌ 2011-ലാണ് കോഴിക്കോട് ജില്ലയിലെ ഇരിങ്ങലില്‍ സര്‍ഗാലയ തുടങ്ങിയത്. കരകൗശല ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും ഒരുകുടക്കീഴില്‍ നടക്കുന്ന രാജ്യത്തെ ആദ്യ കര കൗശലഗ്രാമമാണിത്. ആറുവര്‍ഷംകൊണ്ട് മികച്ച ഗ്രാമീണടൂറിസം പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്കാരവും സംസ്ഥാനസര്‍ക്കാരിന്റെ മികച്ച ടൂറിസം ഡെസ്റ്റിനേഷന്‍ പുരസ്കാരവും സര്‍ഗാലയ നേടി.

വര്‍ഷം മൂന്നുലക്ഷത്തിലധികം പേരാണ് ഇവിടെയെത്തുന്നത്.  20 ഏക്കറിലാണ് പ്രവര്‍ത്തനം. പത്തേക്കര്‍കൂടി വാങ്ങും. കരകൗശല മ്യൂസിയം (5.5 കോടി), ബഹുതല കരകൗശലവിപണനകേന്ദ്രം (ആറുകോടി), ചെലവുകുറഞ്ഞ ആഡംബരമുറികള്‍, പരിശീലനകേന്ദ്രം (7.5 കോടി), ഒഴുകുന്ന ജെട്ടി, പുരവഞ്ചി, നടപ്പാത (മൂന്നുകോടി), കരകൗശലമേഖലയെ ആസ്​പദമാക്കി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ (അഞ്ചുകോടി) തുടങ്ങിയവയാണ് പ്രധാന വികസനപദ്ധതികള്‍.

പയ്യോളി-വടകര-സര്‍ഗാലയ കേന്ദ്രീകരിച്ച്‌ ഇന്റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ട്, കോട്ടത്തുരുത്തി ദ്വീപ് വികസനം, വടകര മണല്‍ത്തീര വികസനം, കോട്ടപ്പുഴ-വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ച്‌ സാഹസിക ടൂറിസം, ജല കായിക വിനോദങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.  4.7 കോടി ചെലവില്‍ കോട്ടത്തുരുത്തിയില്‍ നടപ്പാതയും ഓപ്പണ്‍ എയര്‍ തിയേറ്ററുമൊരുക്കും. സര്‍ഗാലയയില്‍ നെയ്ത്തുഗ്രാമം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Advertisements

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പു ചുമതല. പയ്യോളി മേഖലയിലെ 2000 സ്ത്രീകള്‍ക്ക് കരകൗശല പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്. കരകൗശല പരിശീലന കോഴ്സുകള്‍ ആരംഭിക്കും. സി.ഇ.ഒ. പി.പി. ഭാസ്കരനാണ് കിഫ്ബിയില്‍ വിപുലീകരണപദ്ധതി അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *