KOYILANDY DIARY

The Perfect News Portal

സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ മേഖല എല്ലാ രംഗത്തും മുന്നിലായിരിക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്‌: സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ അക്കാദമിക് ഭൗതിക മേഖലകളില്‍ പൊതുവിദ്യാഭ്യാസ മേഖല ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ മേഖല എല്ലാ രംഗത്തും മുന്നിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപ്പിലിക്കൈ ജി.എച്ച്‌.എസ്.എസ് കെട്ടിട ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെട്ടതോടെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതലായി കൂട്ടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 2017-18 അധ്യായനവര്‍ഷം 1.40 ലക്ഷം കുട്ടികളാണ് പുതിയതായി ചേര്‍ന്നതെങ്കില്‍ ഈ വര്‍ഷം രണ്ടു ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്.

അധ്യാപകരുടെയും പിടിഎ സംഘടനകളുടെയും മറ്റു സംഘടനകളുടെയും കൂട്ടായ ശ്രമങ്ങളുടെ ഫലമായി സര്‍ക്കാര്‍ വിദ്യാലങ്ങള്‍ ചിട്ടയായി പ്രവര്‍ത്തിക്കുകയാണ്. കുട്ടികളുടെ എണ്ണവും സ്‌കൂളുകളുടെ പഴക്കവും അനുസരിച്ച്‌ അഞ്ചു കോടി രൂപവരെ ഓരോ സ്‌കൂളിനും സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുന്നുണ്ട്. ഭൗതിക നിലവാരത്തിനൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം സമീപഭാവിയില്‍തന്നെ പൊതുസമൂഹത്തിനു ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Advertisements

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി ഭാഗീരഥി, കൗണ്‍സിലര്‍മാരായ കെ.വി സരസ്വതി, കെ.മിനി, എം.ശാരദ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പള്ളിക്കൈ രാധാകൃഷ്ണന്‍, ടി.വി ശ്യാമള, സി.കെ ബാബുരാജ്, സി.കെ വത്സന്‍, എസ്.എം.സി ചെയര്‍മാന്‍ രവീന്ദ്രന്‍ ചേടിറോഡ്, എംപിടിഎ പ്രസിഡന്റ് എ.സിന്ധു, വികസനസമിതി ചെയര്‍മാന്‍ പി.ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് എസ്.സാവിത്രി എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് പിഡബ്‌ള്യുഡി കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് പി.വി മോഹനന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എസ്.എം ശ്രീപതി നന്ദിയും പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ആസ്തി വികസന പദ്ധതയില്‍ ഉള്‍പ്പെടുത്തിയാണ് ഹയര്‍സെക്കന്‍ഡറിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നും അനുവദിച്ച ഫണ്ടില്‍ നിന്നുമാണ് ശിലാസ്ഥാപനം നടത്തിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *