KOYILANDY DIARY

The Perfect News Portal

സമൃദ്ധമായ ഭക്ഷ്യ കിറ്റ് വീടുകളിലെത്തുമ്പോൾ ജനം സ്വർണ്ണവും, വെള്ളിയും, ക്വട്ടേഷനുമൊന്നും നോക്കില്ലെന്ന് കെ. മുരളീധരൻ എം.പി

കൊയിലാണ്ടി. കോൺഗ്രസിൻ്റെ പ്രവർത്തന ശൈലി അടിമുടി മാറ്റാൻ സമയമായെന്നും ഇനി രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള പഴയ തിരിച്ചു പോക്ക് ഓർമപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ലെന്നും കെ.മുരളീധരൻ എം.പി. ഡബ്ലിയു സി ബാനർജി മുതൽ ക്യപലാനി വരെ 45 കോൺഗ്രസ് പ്രസിഡൻ്റുമാരുടെ ജീവചരിത്ര പുസ്തകവും സികെജിയുടെ ജീവചരിത്ര ഗ്രന്ഥവും രചിച്ച് നവതി ആഘോഷിക്കുന്ന തിക്കോടി നാരായണന് കൊയിലാണ്ടി തൃവർണ്ണ സാംസ്കാരിക വേദി  ഒരുക്കിയ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ ചരിത്രം നോക്കിയല്ല ജനങ്ങൾ വോട്ടു ചെയ്യുക. ഇനി 57 ഉം 67 ഉം പറഞ്ഞിട്ട് കാര്യമില്ല. വിശക്കുന്നവൻ്റെ മുൻപിൽ ആരാണ് ആഹാരമെത്തിക്കുന്നത് അവരോടെപ്പമാണ് ജനം ഉണ്ടാവുക.  അതിന് സ്വർണവും വെള്ളിയും ഒന്നും നോക്കില്ല. 

ലോക് ഡൗണിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരന് സമൃദ്ധമായി ഭക്ഷണ സാധനങ്ങളുള്ള കിറ്റ് എത്തിക്കുമ്പോൾ മരം മുറിയും സ്വർണക്കടത്തും ക്വട്ടേഷനുമൊന്നും ജനം നോക്കില്ലെന്നും മുരളീധരൻ പറഞ്ഞു. നവതിയിലും വിശ്രമമില്ലാതെ കോൺഗ്രസ് ചരിത്ര പുസ്തക രചന നിർവഹിച്ച തിക്കോടി നാരായണനെ അദ്ദേഹം അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ത്രിവർണ സാംസ്കാരിക വേദി പ്രസിഡൻ്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ. അരവിന്ദൻ, പി.രമേശൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *