KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് വ്യാവസായിക വികസനം സാദ്ധ്യമാക്കും: വ്യവസായമന്ത്രി എ.സി മൊയ്തീന്‍

കോഴിക്കോട്: എല്ലാ മേലയിലുള്ളവരുടെയും അഭിപ്രായം ഏകോപിപ്പിച്ച്‌ സംസ്ഥാനത്ത് വ്യാവസായിക വികസനം സാദ്ധ്യമാക്കുമെന്ന് വ്യവസായമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യനയത്തിന്റെ കരടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ മേഖലയിലുള്ള വ്യവസായികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.

കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന യോഗത്തില്‍ മലബാറിലെ വ്യവസായികളും വ്യാപാരികളും പങ്കെടുത്തു. കരട് നയം സംബന്ധിച്ച്‌ വ്യവസായികള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള നൂലാമാലകള്‍ പരിഹരിക്കുന്നതിന് ഏകജാലക ക്ലിയറന്‍സ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഇതിനായി പുതിയ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച ചരക്ക് നീക്കത്തിന്നായി ജലപാതയുടെ ആദ്യ ഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാനാകും. കോവളം മുതല്‍ കൊല്ലം വരെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും. തീരദേശ,മലയോര ഹൈവെ നിര്‍മാണവുമായി മുന്നോട്ട് പോകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉടന്‍ വിമാനമിറങ്ങുമെന്നും അവിടെ സംരംഭങ്ങള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി കിന്‍ഫ്ര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

കോഴിക്കോട് വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് സ്ഥലമേറ്റടുക്കല്‍ ഉള്‍പ്പെടെ 99 ശതമാനം അനുബന്ധപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ വീടുകളോ മറ്റോ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യവസായം വന്നതിന് ശേഷം പുതിയ വീടുകള്‍ വരികയും അവര്‍ വ്യവസായങ്ങള്‍ക്ക് തടസം നില്‍ക്കുകയും ചെയ്യുന്നുവെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വ്യവസായ സംരക്ഷണ നിയമമുണ്ടാക്കണമെന്ന ആവശ്യമുണ്ട്. ഇത് പരിശോധിക്കും.

എല്ലാ പഞ്ചായത്തുകളിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നും നിലവില്‍ സ്ഥലമുള്ള പഞ്ചായത്തുകളില്‍ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ തയ്യാറാണ്. വീടുകളെ അടിസ്ഥാനമാക്കി ചെറുകിട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും ഇതിനായി പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിലെന്നായി കേരളത്തെ ഉയര്‍ത്തുകയാണ് സംസ്ഥാന വ്യവസായ നയം ലക്ഷ്യമിടുന്നത്. വ്യവസായ നയത്തില്‍ വാണിജ്യമേഖലക്ക് മതിയായ പ്രാധാന്യം നല്‍കിയില്ലെന്ന പരാതി പരിശോധിച്ച്‌ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മേഖലകളില്‍ അടുത്ത് തന്നെ യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, പരമ്ബരാഗത വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവയുടെ യോഗങ്ങളും വിളിച്ച്‌ ചേര്‍ത്ത് അഭിപ്രായങ്ങള്‍ തേടും. വി.കെ.സി മമ്മദ്കോയ എം. എല്‍. എ,വ്യവസായ വകുപ്പ് ഡയരക്ടര്‍ സഞ്ജയ് കൗള്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയരക്ടര്‍ ഡോ എം.ബീന, ഇന്‍ഡസ്ട്രീസ് ആന്‍റ് കൊമേര്‍സ് ഡയരക്ടര്‍ കെ.എന്‍ സതീഷ്, കിന്‍ഫ്ര എം.ഡി.കെ.എ സന്തോഷ്കുമാര്‍, വി. രാജഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *