സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം മീന്‍പിടിക്കുന്നതിനുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് വില കുതിക്കുന്നത്. ഇതോടെ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചത്. അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനൊപ്പം ട്രോളിംഗ് നിരോധനംകൂടി നിലവില്‍ വന്നതോടെ വിലക്കയറ്റം രൂക്ഷമായി. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യതയെ കാര്യമായി ബാധിച്ചു. കിലോക്ക് 100 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് 240 രൂപയായി. 120 രൂപയുണ്ടായിരുന്ന അയലയുടെ മൊത്ത വിപണനവില 270 ല്‍ എത്തി.
നെയ്മീനിനും കരിമീനിനുമൊക്കെ തൊട്ടാല്‍ പൊള്ളുന്ന വിലയായതോടെ സാധാരണക്കാര്‍ മത്സ്യമാര്‍ക്കറ്റില്‍നിന്നും അകന്നു. ട്രോളിംഗ് നിരോധനത്തോടെ വറുതിയിലായ മത്സ്യ തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. തീരദേശങ്ങളില്‍ ധാരാളമായി ലഭിച്ചിരുന്ന ചെമ്മീന്റെ വരവും കുറഞ്ഞിട്ടുണ്ട്. മഴക്കാലങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന നാടന്‍
പുഴ മത്സ്യങ്ങളും ഇത്തവണ കിട്ടാനില്ല.

പുറമേനിന്നുള്ള മത്സ്യത്തിന്റെ വരവും പകുതിയായി കുറഞ്ഞു. ഇതോടെ അമോണിയ ചേര്‍ത്ത പഴയമത്സ്യങ്ങളുടെ വില്പന പലയിടങ്ങളിലും നടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. മത്സ്യവിലക്കൊപ്പം കോഴി ഇറച്ചിയുടെ വിലയും ക്രമാതീതമായി ഉയര്‍ന്നത് ഹോട്ടല്‍ വ്യവസായത്തേയും പ്രതിസന്ധിയിലാക്കി.

