KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. താറാവുകളിലെ 8 സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചതില്‍ നിന്ന്‌ അഞ്ച്‌ സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു.

H5N8 വിഭാഗം വൈറസ്‌ ആണ്‌ സ്ഥിരീകരിച്ചത്‌. ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ്‌ മനുഷ്യരിലേക്ക്‌ പകരില്ല. പക്ഷിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പക്ഷിപ്പനി തടയുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഇവിടെ ദ്രുത കര്‍മ്മ സേനയെ നിയോഗിക്കും.

താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന വളര്‍ത്തു പക്ഷികളെ നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. അലങ്കാര പക്ഷികള്‍, വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക്‌ സംഭവിച്ച നഷ്ടം നികത്താന്‍ നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെനന്നും മന്ത്രി പറഞ്ഞു.

Advertisements

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക്‌ പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നിട്ടില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. രോഗബാധ സ്ഥരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കും. മറ്റ്‌ ഭാഗങ്ങളിലേക്ക്‌ പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്‌.

രോഗം സ്ഥിരീകരിച്ച ആലപ്പുഴ കോട്ടയം ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. പ്രദേശത്തെ 48000ത്തോളം പക്ഷികളെ കൊല്ലേണ്ടി വരും കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയില്‍ പ്രദേശത്തെ പക്ഷികളെ നളിപ്പിച്ചാണ്‌ രോഗം കൂടുതല്‍ പടരുന്നത്‌ തടഞ്ഞത്‌.

Leave a Reply

Your email address will not be published. Required fields are marked *